Timely news thodupuzha

logo

ഇതര സംസ്ഥാന തൊഴിലാളികൾക്ക് സാക്ഷരതാ പഠനം മുട്ടം ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു

തൊടുപുഴ: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളത്തിൽ സാക്ഷരരാക്കുന്ന ചങ്ങാതി പദ്ധതി മുട്ടം ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കും. സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകളിൽ ഇടുക്കി ജില്ലയിൽ നിന്ന് മുട്ടം ഗ്രാമ പഞ്ചായത്തും പദ്ധതിയിൽ ഉൾപ്പെടും.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പ്രദേശത്ത് സർവ്വേ നടത്തി ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്തും. പഞ്ചായത്ത് പ്രദേശത്തെ തൊഴിലുടമകൾ സ്ഥാപനങ്ങൾ സന്നദ്ധ സംഘടനകൾ അംഗനവാടി ആശ പ്രവർത്തകർ എന്നിവർ സർവ്വേയുടെ ഭാഗമാകും.

ഡിസംബർ 10നകം സർവ്വേ പൂർത്തീകരിക്കും. വാർഡ് അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന സംഘാടക സമിതികളുടെ നേതൃത്വത്തിലാകും സർവ്വേ പ്രവർത്തനങ്ങൾ.

ഹിന്ദിയിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യമുള്ള ഇൻസ്ട്രക്ടർമാരെ ഉപയോഗിച്ചാകും ഇവരെ മലയാളം പഠിപ്പിക്കുന്നത്. നാല് മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കും.

പദ്ധതിയുടെ നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ ചെയർപേഴ്സനായി സംഘാടകസമിതി രൂപീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ദേവസ്യ അധ്യക്ഷയായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് കടത്തലക്കുന്നേൽ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ പി.എം അബ്ദുൽ കരീം പദ്ധതി വിശദീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗങ്ങൾ വിവിധ തൊഴിൽ സ്ഥാപനങ്ങളുടെയും തൊഴിലുടമകളുടെയും പ്രതിനിധികൾ സന്നദ്ധ സംഘടനാ പ്രതിനിധികൾ, സാക്ഷരതാ മിഷൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *