Timely news thodupuzha

logo

തിരുപ്പതിക്ഷേത്രത്തിന്‍റെ സ്വത്തിന്‍റെ ആകെ മൂല്യം രണ്ട് ലക്ഷം കോടി ; ആസ്തി സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ട് ട്രസ്റ്റ്

അമരാവതി: പ്രസിദ്ധമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ ആസ്തി വിവരങ്ങള്‍ പൂര്‍ണമായും പുറത്ത് വിട്ട് ട്രസ്റ്റ്.  ആകെ വിപണി മൂല്യം കണക്കാക്കിയാല്‍ രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ വരുമെന്നാണ് പുറത്ത് വിട്ട വിവരങ്ങളിൽ നിന്ന് ലഭിക്കുന്നത്.

85,000 കോടിയലധികം രൂപയായി തന്നെ ശേഖരമുണ്ട്. 14 ടണ്‍ സ്വര്‍ണ ശേഖരവുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കര്‍ ഭൂമി. 960 കെട്ടിടങ്ങള്‍. തിരുപ്പതിയില്‍ മാത്രം 40 ഏക്കര്‍ ഹൗസിങ് പ്ലോട്ടുകള്‍. തിരുപ്പതിക്ക് സമീപമുള്ള വിനോദ സഞ്ചാര മേഖലയായ ചന്ദ്രഗിരിയില്‍ 2800 ഏക്കര്‍ ഭൂമി. കൃഷി ഭൂമിയായി മാത്രം 2,231 ഏക്കര്‍ സ്ഥലം. ചിറ്റൂര്‍ നഗരത്തില്‍ 16 ഏക്കര്‍ ഭൂമി. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിര നിക്ഷേപം.

സര്‍ക്കാര്‍ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരമാണിത്..1974 മുതല്‍ 2014 വരെ വിവിധയിടങ്ങളിലായി പല കാരണങ്ങളാല്‍ 113 ഇടങ്ങളിലെ ഭൂമി ട്രസ്റ്റ് വിറ്റു. എട്ട് വര്‍ഷമായി ഭൂമി വില്‍ക്കേണ്ടി വന്നിട്ടില്ല.ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്ര ട്രസ്റ്റ് എന്ന പെരുമയും തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് സ്വന്തം.

ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരില്‍ റെക്കോര്‍ഡ് കുറിച്ച ക്ഷേത്രം കൂടിയാണ് തിരുപ്പതി. ആദ്യമായാണ് സ്വത്ത് വിവരങ്ങളുടെ പൂര്‍ണ രൂപം ട്രസ്റ്റ് പുറത്തുവിടുന്നത്.കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ ക്ഷേത്ര ദര്‍ശനത്തിനുള്ള ബുക്കിങ് ഇപ്പോള്‍ നാല് മാസം വരെയാണ്. വെങ്കിടേശ്വര ക്ഷേത്രത്തിലെ മാത്രം ദിവസ വരുമാനം ആറ് കോടിക്ക് മുകളില്‍. ഇക്കഴിഞ്ഞ ഏപ്രിലിന് ശേഷം ഭണ്ഡാരത്തില്‍ കാണിക്കയായി ലഭിച്ചത് 700 കോടി.

300 കോടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടി ട്രസ്റ്റിന് പദ്ധതിയുണ്ട്. രാജ്യത്തും പുറത്തുമായി കൂടുതല്‍ ഇടങ്ങളില്‍ കൂടി തിരുപ്പതി തിരുമല ക്ഷേത്രങ്ങള്‍ തുറക്കാനുള്ള നീക്കത്തിലാണ് ദേവസ്ഥാനം.

Leave a Comment

Your email address will not be published. Required fields are marked *