തൃശൂർ: മലപ്പുറം തിരൂരിൽ നിന്നും കാണാതായ കുഞ്ഞിൻ്റെ മൃതദേഹം തൃശൂരിൽ കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ സമീപത്തെ ഓടയിൽ നിന്നും ബാഗിനുള്ളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അഴുകിയ നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ. മൂന്നു മാസം മുമ്പ് കൊലപാതകം നടന്നതായാണ് പ്രാഥമിക നിഗമനം. അമ്മയുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
11 മാസം പ്രായമായ കുഞ്ഞിനെ കാണാതായ വിവരം ഇന്നാണ് പുറം ലോകം അറിയുന്നത്. പിന്നാലെ കുഞ്ഞിൻറെ അമ്മ തമിഴ്നാട് കടലൂർ സ്വദേശി ശ്രീപ്രിയ, ആൺ സുഹൃത്ത് ജയസൂര്യൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഭർത്താവ് മണിപാലനെ വിട്ട് തിരൂരിൽ എത്തിയ യുവതിക്കൊപ്പം കുഞ്ഞിനെ കാണാതെ വന്നതോടെ ബന്ധുക്കളിൽ ഒരാൾക്ക് സംശയം തോന്നുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ കുട്ടിയെ കൊലപ്പെടുത്തിയതായി ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിൽ ജയസൂര്യയുടെ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണു പൊലീസ് സംശയിക്കുന്നത്. ഇവരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.