ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെൻററിയുടെ ലിങ്ക് നീക്കം ചെയ്യാൻ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രനിർദേശം. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെൻററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാൻ ഉന്നമിട്ടുള്ളതാണെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. പൗരാവാകാശ പ്രവർത്തകർ അടക്കം ഡോക്യുമെൻററിയുടെ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ബിബിസി ഡോക്യുമെൻ്ററിക്ക് എതിരെ പ്രതിഷേധവുമായി മുൻ ജഡ്ജിമാരും ഐഎഎസ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. കൊളോണിയൽ മനോനിലയിൽ നിന്നും പിറവി എടുത്തതാണ് ഡോക്യുമെൻററിയെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്ന് റോ മുൻ മേധാവി അടക്കമുള്ളവർ ഒപ്പിട്ട പ്രസ്താവനയിലുണ്ട്.