Timely news thodupuzha

അവശ്യ സാധനങ്ങളുടെ വില വർധന നിയന്ത്രിക്കുന്നതിൽ സർക്കാർ ഫലപ്രദമായി ഇടപ്പെട്ടു: പി.ജെ ജോസഫ് എംഎൽഎ, സപ്ലൈകോ ഓണച്ചന്ത തുറന്നു

തൊടുപുഴ: പൊതുവിപണിയിൽ അവശ്യ സാധനങ്ങളുടെ വില വർധന നിയന്ത്രിക്കുന്നതിൽ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തിയെന്ന് പി.ജെ ജോസഫ് എം.എൽ.എ. സപ്ലൈകോ ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെളിച്ചെണ്ണയുടെ വില കുറച്ച് 399 രൂപയ്ക്ക് വിപണിയിൽ എത്തിച്ചത് ശ്രദ്ധേയമാണെന്ന് എം.എൽ.എ. പറഞ്ഞു. തൊടുപുഴ പീപ്പിൾസ് ബസാറിൽ നടന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ. ദീപക് അധ്യക്ഷത വഹിച്ചു.

സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്ളാഗ് ഓഫ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു നിർവഹിച്ചു.
നഗരസഭാ വൈസ് ചെയർപേഴ്സൺ ജെസ്സി ആന്റണി ആദ്യവിൽപ്പന നടത്തി.

ഓണത്തോടനുബന്ധിച്ച് സപ്ലൈകോയിൽ വിവിധ കിറ്റുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. 18 ഇനങ്ങളുള്ള സമൃദ്ധി കിറ്റ്, 10 ഇനങ്ങളുള്ള മിനി സമൃദ്ധി കിറ്റ്, 9 ഇനങ്ങളുള്ള ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിങ്ങനെയാണ് കിറ്റുകൾ.

ജില്ലയിലെ അഞ്ചു താലൂക്കുകളിൽ സഞ്ചരിക്കുന്ന ഓണച്ചന്ത ഉണ്ടായിരിക്കും. 13 ഇന സബ്സിഡി സാധനങ്ങൾക്കും മറ്റ് അവശ്യസാധനങ്ങൾക്കും വിലക്കുറവ് ലഭിക്കും. മാവേലി സ്റ്റോറുകൾ ഇല്ലാത്ത ഇടങ്ങളിൽ അവശ്യസ്ഥാപനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം.

സപ്ലൈകോ വില്പനശാലകളിൽ നിന്ന് ആയിരം രൂപയിൽ കൂടുതൽ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയികൾക്ക് സമ്മാനങ്ങൾ നൽകും. ഒന്നാം സമ്മാനം ഒരു പവൻ സ്വർണനാണയം, രണ്ടാം സമ്മാനം ലാപ്പ്‌ടോപ്പ് രണ്ടുപേർക്ക്, മൂന്നാം സമ്മാനം സ്മാർട്ട് ടിവി മൂന്നു പേർക്ക്, എല്ലാ ജില്ലയിലും നറുക്കെടുപ്പിലെ വിജയിക്ക് സ്മാർട്ട് ഫോൺ എന്നിവ ലഭിക്കും.

പരിപാടിയിൽ ജില്ലാ സപ്ലൈ ഓഫീസർ ബൈജു. കെ. ബാലൻ, തൊടുപുഴ ഡിപ്പോ മാനേജർ എം .എസ് നീന, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ഗുണമേന്മ ഉറപ്പാക്കി സപ്ലൈകോ ഉൽപന്നങ്ങൾ: പൊതുവിപണിയേക്കാൾ വിലക്കുറവിൽ ഗുണമേന്മ ഉറപ്പാക്കിയാണ് സപ്ലൈകോ പുതിയ ഉൽപന്നങ്ങൾ ഇത്തവണ എത്തിച്ചിരിക്കുന്നത്.

അരിപ്പൊടി (പുട്ടുപൊടി, അപ്പം പൊടി) , പായസം മിക്‌സ് (സേമിയ / പാലട 200 ഗ്രാം പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ് (കല്ലുപ്പ്, പൊടിയുപ്പ് ), പാലക്കാടൻ മട്ട (വടിയരി, ഉണ്ടയരി) എന്നിവയാണ് ശബരി ബ്രാൻഡിലെ പുതിയ ഉത്പന്നങ്ങൾ.

കിലോയ്ക്ക് 88 രൂപ വിലയുള്ള പുട്ടുപൊടിയും അപ്പം പൊടിയും 46 രൂപയ്ക്കാണ് സപ്ലൈകോ നൽകുന്നത്. പുട്ടുപൊടിയും അപ്പം പൊടിയും ചേർന്നുള്ള കോംബോ ഓഫറിന് 88 രൂപയാണ് വില. 20 രൂപ പരമാവധി വില്പന വിലയുള്ള കല്ലുപ്പ് 12 രൂപയ്ക്കും പൊടിയുപ്പ് 12.50 നും 60 രൂപ എംആർപിയുള്ള പഞ്ചസാര 50 രൂപയ്ക്കും ലഭ്യമാകും. സേമിയ/പാലട പായസം മിക്‌സിന്റെ വില 200 ഗ്രാമിന് 42 രൂപയാണ്. പാലക്കാടൻ മട്ട വടിയരി പത്ത് കിലോയ്ക്ക് 599 രൂപ, ഉണ്ട അരി 506 രൂപ, പാലക്കാടൻ മട്ട വടിയരി 5കിലോയ്ക്ക് 310രൂപ , ഉണ്ട അരി 262 രൂപ എന്നിങ്ങനെയാണ് പുതിയ ശബരി ഉൽപന്നങ്ങളുടെ വില.

Leave a Comment

Your email address will not be published. Required fields are marked *