ഇടുക്കി: മാനസിക വൈകല്യമുള്ള പതിനഞ്ചുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അമ്മായുടെ സുഹൃത്തായ 44കാരൻ 106 വർഷം കഠിന തടവും 260000 രൂപ പിഴയും ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പോക്സോ ജഡ്ജ് സിറാജുദ്ദീൻ പി.എ വിധിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സ്മിജു കെ ദാസ് കോടതിയിൽ ഹാജരായി തൃശ്ശൂർ ജില്ലയിൽ തലപ്പള്ളി താലൂക്കിൽ ചേലക്കര വില്ലേജിൽ പുലാക്കോട് കരയിൽ വാക്കട വീട്ടിൽ പത്മനാഭനെന്ന പ്രദീപാണ് കുറ്റവാളി.
പിഴസംഖ്യ പ്രതി അടക്കാതിരുന്നാൽ 22 മാസം കൂടെ പ്രതിക്ക് അധിക കഠിന തടവും വിധിച്ചു. പിഴസംഖ്യ പ്രതി അടക്കുകയാണെങ്കിൽ തുക പെൺകുട്ടിക്ക് നൽകുവാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയുടെ വിക്ടിം കോമ്പൻസേഷൻ സ്കീമിൽ നിന്നും നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി.
2022ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂർ സ്വദേശിയായ പ്രതി അടിമാലിയിൽ ഹോട്ടൽ ജോലിക്കായി എത്തി. അവിടെ വച്ചാണ് സഹപ്രവർത്തകയായ പെൺകുട്ടിയുടെ മാതാവിനെ പരിചയപ്പെടുന്നത്.
തുടർന്ന് പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായ പ്രതി ഇവരുടെ കുടുംബത്തോടൊപ്പം താമസം ആക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടിയുടെ മാതാവും സഹോദരങ്ങളും വീട്ടിൽ ഇല്ലാതിരുന്ന അവസരങ്ങളിൽ പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.
സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞു പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടിയെ മാതാവ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്.
ഉടൻ തന്നെ ഡോക്ടർ പോലീസിൽ അറിയിച്ചു. ഇതറിഞ്ഞ പ്രതി ആദ്യം ആശുപത്രിയിൽ എത്തുകയും അതിനു ശേഷം അവിടെ നിന്നും കടന്നു കളയുകയുമായിരുന്നു.
പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് അബോർഷൻ നടത്തി. തുടർന്ന് പെൺകുട്ടിയുടെയും പ്രതിയുടെയും മെഡിക്കൽ സാമ്പിളുകളുടെ ഡി.എൻ.എ പരിശോധനയിൽ നിന്നും പെൺകുട്ടിയുടെ ഗർഭസ്ഥ ശിശുവിന്റെ പിതാവ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. ഇത് വ്യക്തമാക്കുന്ന ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ടും പുറത്തു വന്നിരുന്നു.
അടിമാലി പോലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് കെ ജോസഫ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സ്മിജു കെ ദാസ് കോടതിയിൽ ഹാജരായി.