തൊടുപുഴ: നാടകകൃത്തും സംവിധായകനും തീയ്യറ്റർ സൈദ്ധാന്തികനുമായ ടി.എം. ഏബ്രഹാമിന് കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ്. 50,000 രൂപയുടെ സമ്മാനം ഉൾക്കൊണ്ട ഒരു പുരസ്കാരമാണ് ഈ വിശിഷ്ടാഗത്വം.
തൊടുപുഴ നെയ്യശ്ശേരിയിൽ തോട്ടത്തിമ്യാലിൽ മാത്യു എബ്രഹാം എന്ന ടി.എം. എബ്രഹാം 1949 ജൂൺ ഒന്നിന് ജനിച്ചു. പടിഞ്ഞാറയിൽ കുഞ്ഞേട്ടനെന്ന് നാട്ടുകാർ വിളിച്ചിരുന്ന പൊതുപ്രവർത്തകൻ പി.ഓ മാത്യു വിന്റേയും എലിക്കുട്ടിയുടെയും പതിനൊന്ന് മക്കളിൽ രണ്ടാമൻ. നെയ്യശ്ശേരി സെൻ്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ ,; തൊടുപുഴ ന്യൂമാൻ കോളേജ് എന്നിവടങ്ങിൽ പഠിച്ചു ബിരുദം സമ്പാദിച്ചു…
ഉദ്യോഗമണ്ഡൽ എഫ്.എ.സി.റ്റിയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്; അക്കാലത്ത് അദ്ദേഹം പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്.
നാടകങ്ങൾ, നോവലുകൾ, നാടക സൗന്ദര്യശാസ്ത്രവും ചരിത്രവും, വിവർത്തനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 27 പുസ്തകങ്ങൾ എബ്രഹാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊഴുത്ത കാളക്കുട്ടി, പെരുന്തച്ചൻ, നഷ്ടപ്പെട്ട ചിറകുകൾ, അത്ഭുത ഗാനം, പ്രാവുകൾ ഇപ്പോൾ കരയുന്നില്ല, കീറി മുറിച്ച കണ്ണ്, രക്തബലി എന്നിവ ഏകാങ്ക നാടക സമാഹാരങ്ങളാണ്.
നിഴൽകൂടാരം, ഏകാകികളുടെ താഴ്വര തുടങ്ങിയ നാടകങ്ങളും ഉത്പത്തി, ശാന്തിഗിരി എന്നിങ്ങനെ നോവലുകളുമുണ്ട്. ഇതിന് പുറമെ, നവീന നാടക ചിന്തകൾ, അഭിനയ പാടശാല(റിച്ചാർഡ് ബോലെസ്ലാവ്സ്കിയുടെ ദ ആർട്ട് ഓഫ് ആക്ടിങ്ങിൻ്റെ മലയാളം വിവർത്തനം) തുടങ്ങി വിലപ്പെട്ട ചില തീയ്യറ്റർ പഠന ഗ്രന്ഥങ്ങളുമുണ്ട്.
ഇവയ്ക്കു പുറമെ വധു(എച്ച്.എസ്. ജയപ്രകാശിന്റെ കന്നട നാടകത്തിന്റെ വിവർത്തനം); ജീസസ് സി.ഇ.ഒ (ലാറി ബേത്ത് ജോൺസിന്റെ നാടകത്തിന്റെ വിവർത്തനം), ദ പാത്ത് (ലാറി ബേത്ത് ജോൺസിന്റെ നാടകത്തിന്റെ വിവർത്തനം), യേശുക്രിസ്തുവിന്റെ സുവിശേഷം(ജോസെ സാരമാഗുവിന്റെ നോവൽ വിവർത്തനം), കലിഗുള(ആൽബർ കമ്യുവിന്റെ നാടകത്തിന്റെ വിവർത്തനം), അന്തർ അന്തരെ നായിക്കുമ്പോൾ – ബെൽജിയൻ നാടകകൃത്ത് മൗറീസ് മേറ്റർലിങ്കിൻ്റെ നാല് നാടകങ്ങളുടെ സമാഹാരത്തിൻ്റെ മലയാള വിവർത്തനം തുടങ്ങി വിശ്വനാടകസാഹിത്യത്തിലെ ഒട്ടനവധി കൃതികളുടെ മൊഴിമാറ്റം ഇദ്ദേഹത്തിൻ്റെതായുണ്ട്. എൻ.എൻ പിള്ള, ജി ശങ്കരപ്പിള്ള, കെ.ടി മുഹമ്മദ് എന്നിവരെക്കുറിച്ചുള്ള മോണോഗ്രാഫ് ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്.
ടി.എം എബ്രാഹം സംവിധനം ചെയ്ത് രംഗത്ത് അവതരിപ്പിച്ച നാടകങ്ങളുടെ പട്ടിക അതി ദീർഘമാണ്. കലിഗുള, വെയ്റ്റിങ്ങ് ഫോർ ഗോദോ, ഈഡിപ്പ് തുടങ്ങിയ ലോക ക്ലാസിക്കുകളും അതിൽ ഉൾപ്പെടും. ചിലിയൻ നാടകകൃത്തും മനുഷ്യാവകാശ പ്രവർത്തകനുമായി ഏരിയൽ ഡോർഫ്മാന്റെ ‘ഡെത്ത് ആൻഡ് ദി മെയ്ഡൺ’ ആറേഴ് വർഷം മുമ്പ് രംഗത്ത് അവതരിപ്പിച്ചിരുന്നു.
പെരുന്തച്ചനെന്ന നാടക സമാഹാരത്തിന് 1981ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ്, പ്രൊഫഷണൽ നാടകത്തിനുള്ള കേരള സർക്കാർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. ഇപ്പോൾ കേരള സംഗീത നാടക അക്കാദമിയുടെ പരമോന്നത അംഗീകാരമായ ഫെലോഷിപ്പും ലഭിച്ചു.