ചണ്ഡിഗഡ്: അഗ്നിവീറുകൾക്ക് സംസ്ഥാന പൊലീസിലും വനംവകുപ്പ് ഗാർഡ്, ജയിൽ വാർഡൻ തസ്തികകളിലും 10 ശതമാനം സംവരണം നൽകാൻ ഹരിയാന സർക്കാർ തീരുമാനിച്ചു.
പ്രായപരിധിയിലും ഇളവുണ്ടാകും. കോൺസ്റ്റബിൾ, മൈനിങ് ഗാർഡ്, വനംവകുപ്പ് ഗാർഡ്, ജയിൽ വാർഡൻ, സ്പെഷ്യൽ പൊലീസ് ഓഫിസർ തുടങ്ങിയവയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്‍റിൽ 10 ശതമാനം അഗ്നിവീറുകൾക്കായി നീക്കിവയ്ക്കുമെന്ന് മുഖ്യമന്ത്രി നായബ് സിങ് സൈനിയാണ് പ്രഖ്യാപിച്ചത്.
അഞ്ച് ലക്ഷം രൂപ വരെ പലിശരഹിതവായ്പ്പയും അഗ്നിവീറുകള്‍ക്ക് നല്‍കും. ഗ്രൂപ്പ് സി, ഡി തസ്തികകളിൽ പ്രായപരിധിയിൽ മൂന്നു വർഷം ഇളവുണ്ടാകും.
എന്നാൽ, അഗ്നിവീറുകളുടെ ആദ്യ ബാച്ചിന് അഞ്ചു വർഷം ഇളവു നൽകും. പ്രതിമാസം 30,000 രൂപയില്‍ കൂടുതല്‍ ശമ്പളത്തോടെ അഗ്നിവീറുകള്‍ക്ക് ജോലി നല്‍കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രതിവര്‍ഷം 60,000 രൂപ സബ്‌സിഡി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
അഗ്നിവീർ പദ്ധതിക്കെതിരേ കോൺഗ്രസ് കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടെ ആണ് ബി.ജെ.പി സർക്കാരിന്‍റെ നിർണായക പ്രഖ്യാപനം. ഏതാനും മാസങ്ങൾക്കുള്ളിൽ ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.