തിരുവനന്തപിരം: മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം. ശിവശങ്കർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. ഔദ്യോഗിക യാത്രയപ്പ് വേണ്ടന്നും ലളിതമായ ചടങ്ങോടെ മതിയെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 27 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിന് ശേഷമാണ് വിരമിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി വകുപ്പിൻറെ ചുമതലക്കാരൻ എന്നിങ്ങനെ ഒന്നാം പിണറായി സർക്കാരിൻറെ കാലത്തെ ഏറ്റവും ശക്തനായ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. സർവീസിൽ ഇരിക്കെ ജയിലിലായ സംസ്ഥാനത്തെ അപൂർവ്വം ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളാണ്. വിവാദമായ സ്വർണക്കടത്ത് കേസുമായി ആരോപണങ്ങൾ ഉയർന്നു. തുടർന്ന് 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു അദ്ദേഹം. സ്പ്രിംക്ലർ, ലൈഫ് മിഷൻ വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ. കേസിലെ പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധം പുലർത്തി, അവരെ സംസ്ഥാന സർക്കാരിൻറെ ഐടി വകുപ്പിന് കീഴിൽ നിയമിച്ചു എന്നീ ആരോപണങ്ങൾ ഉയർന്നു.
തുടർന്ന് 2020 ജൂലായ് ഒന്നിന് സർക്കാർ ശിവശങ്കറിനെ സസ്പെൻഡ് ചെയ്തു. 2020 ഒക്ടോബർ 28നാണ് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് അറസ്റ്റ്. കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യൽ, സസ്പെൻഷൻ, ജയിൽവാസം, എന്നിവയ്ക്ക് ശേഷം മടങ്ങിയെത്തിയെങ്കിലും അപ്രധാനമായ വകുപ്പുകളുടെ ചുമതലകളിൽ ഒതുങ്ങി. ഇതിനിടെ അദ്ദേഹമെഴുതിയ ” അശ്വത്ഥാമാവ് വെറും ഒരു ആന” എന്ന പുസ്തകം പുറത്തിറങ്ങുകയും അതുമായി ബന്ധപ്പെട്ട് വീണ്ടും നിരവധി വിവാദങ്ങളുണ്ടായി. നേരത്തെ ശിവശങ്കർ സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിരുന്നെങ്കിലും കോടതിയിൽ കേസുള്ളതിനാൽ അനുമതി ലഭിച്ചിരുന്നില്ല. ഡപ്യൂട്ടി കളക്ടർ, കളക്ടർ, ടൂറിസം ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, മരാമത്ത് സെക്രട്ടറി, വൈദ്യുതി ബോർഡ് ചെയർമാൻ തുടങ്ങിയ ഉന്നതപദവികൾ വഹിച്ചയാളാണ് ഇപ്പോൾ ആരവങ്ങളില്ലാതെ അരങ്ങൊഴിയുന്നത്.