പാലക്കാട്: ഹോട്ടലിൽ നിന്നും ഇറങ്ങിയ താൻ കയറിയത് ഷാഫി പറമ്പിൽ എം.പിയുടെ വാഹനത്തിലെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് പ്രസിഡൻറുമായ രാഹുൽ മാങ്കൂട്ടത്തിൽ.
തൻ്റെ വാഹനത്തിലാണ് സുഹൃത്ത് സഞ്ചരിച്ചത്. കുറച്ച് ദൂരം പോയ ശേഷം ആ വാഹനത്തിൽ നിന്നും തൻറെ വാഹനത്തിലേക്ക് കയറി. പ്രസ് ക്ലബിനു മുന്നിൽ നിന്നാണ് തൻറെ വാഹനത്തിൽ കയറിയത്. അവിടുത്തെ സി.സി.റ്റി.വി ദൃശ്യം പരിശോധിച്ചാൽ ഇക്കാര്യം അറിയാം.
കെ.ആർ ടവറിന് മുന്നിൽ നിന്നും നീല പെട്ടിയും പേഴ്സണൽ ബാഗും തൻറെ കാറിൽ നിന്നിറക്കി താൻ കോഴിക്കോടേക്ക് പോകാൻ ഉപയോഗിച്ച വാഹനത്തിലേക്ക് മാറ്റിയിരുന്നുവെന്നും രാഹുൽ പറഞ്ഞു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയത്.
സുഹൃത്ത് കൊണ്ടുവന്ന തൻ്റെ കാറിന് തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു. പിന്നീട് മറ്റൊരു കാറിലാണ് താൻ കോഴിക്കോട്ടേക്ക് പോയത്.
ഷോറൂമിൽ അന്വേഷിച്ചാൽ ഇക്കാര്യം അറിയാം. 60,000 രൂപ ആകുമെന്ന് പറഞ്ഞതിനാൽ തത്കാലത്തേക്കുള്ള പണി മാത്രം നടത്തി കാർ ഷോറൂമിൽ നിന്നും ഇറക്കുകയായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.