Timely news thodupuzha

logo

ട്വന്‍റി 20 രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം സന്ദർശകരെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് മാത്രമാണ് ഇന്ത്യക്ക് സ്കോർ ചെയ്യാനായത്.

വരുൺ ചക്രവർത്തിയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിനു മുന്നിൽ പതറിയെങ്കിലും ദക്ഷിണാഫ്രിക്ക ആറ് പന്തും മൂന്ന് വിക്കറ്റും ശേഷിക്കെ ലക്ഷ്യം നേടി. 39 റൺസെടുത്ത് പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

45 പന്ത് നേരിട്ട ഹാർദിക്, നാല് ഫോറും ഒരു സിക്സും നേടി. പുറത്താകാതെ നിന്ന ട്രിസ്റ്റൻ സ്റ്റബ്സും(47) ജെറാൾഡ് കോറ്റ്സിയും(19) ചേർന്നാണ് തകർച്ചയെ അതിജീവിച്ച് ദക്ഷിണാഫ്രിക്കയെ ജയത്തിലേക്കു നയിച്ചത്. ഓപ്പണർമാരായ സഞ്ജു സാസണെയും(3 പന്തിൽ 0) അഭിഷേക് ശർമയെയും(5 പന്തിൽ 4) ആദ്യ രണ്ട് ഓവറിൽ തന്നെ നഷ്ടമായ ഇന്ത്യക്ക് പിന്നെ ശക്തമായി തിരിച്ചുവരാൻ സാധിച്ചില്ല.

മാർക്കോ യാൻസന്‍റെ പന്തിൽ ക്ലീൻ ബൗൾഡ് ആകുകയായിരുന്നു സഞ്ജു. ക്യാപ്റ്റൻ സൂര്യകുമാർ യാദവും (9 പന്തിൽ 4) നിരാശപ്പെടുത്തിയതോടെ ഇന്ത്യ 15/3 എന്ന നിലയിൽ പരുങ്ങി. തുടർന്ന് തിലക് വർമയും (20 പന്തിൽ 20) പ്രൊമോഷൻ കിട്ടിയ അക്ഷർ പട്ടേലും (21 പന്തിൽ 27) പൊരുതി നോക്കിയെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല. ഹാർദിക് പാണ്ഡ്യക്കു പിന്തുണ നൽകാൻ റിങ്കു സിങ്ങിനും (11 പന്തിൽ 9) സാധിക്കാതെ വന്നതോടെയാണ് ഇന്ത്യ ചെറിയ സ്കോറിൽ ഒതുങ്ങുമെന്ന് ഉറപ്പായത്.

അർഷ്ദീപ് സിങ്ങ് ആറ് പന്തിൽ ഏഴ് റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസൻ, ജെറാൾഡ് കോറ്റ്സി, ആൻഡിലെ സിമിലേൻ, എയ്ഡൻ മാർക്രം, കെബയോംസി പീറ്റർ എന്നിവർ ഓരോ വിക്കറ്റ് നേടി.

പന്തെറിയാനെത്തിയവരിൽ കേശവ് മഹാരാജിന് മാത്രമാണ് വിക്കറ്റ് കിട്ടാത്തത്. എല്ലാവരും ഓവറിൽ ശരാശരി ഏഴ് റൺസിൽ താഴെയാണ് വഴങ്ങിയതും. മറുപടി ബാറ്റിങ്ങിൽ 86/7 എന്ന നിലയിൽ തകർന്ന ശേഷമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തിരിച്ച് വരവ്.

17 റൺസ് മാത്രം വഴങ്ങിയായിരുന്നു വരുൺ ചക്രവർത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടം. രവി വിഷ്ണോയിയും അർഷ്ദീപ് സിങ്ങും ഓരോ വിക്കറ്റ് നേടി. അർഷ്ദീപ് നാലോവറിൽ 41 റൺസ് വഴങ്ങിയത് ദക്ഷിണാഫ്രിക്കൻ റൺ ചേസിൽ നിർണായകമായി.

Leave a Comment

Your email address will not be published. Required fields are marked *