ഹൈദരാബാദ്: ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ച് മുൻ സൈനികൻ. യുവതിയെ കാണാനില്ലെന്ന കുടുംബത്തിൻറെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് 45കാരനായ പ്രതി ഗുരു മൂർത്തിയെ പിടികൂടുന്നത്.
ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, കൊലപാതകത്തിനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമല്ല. ജനുവരി 16നാണ് 35 കാരിയായ വെങ്കട മാധവിയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയത്.
അന്വേഷണത്തിനിടെ ഭർത്താവിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഹൈദരാബാദ് സ്വദേശിയായ ഗുരു മൂർത്തി തെളിവുകൾ നശിപ്പിക്കുന്നതിനായി ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കിയതായും പിന്നീട് കുക്കറിൽ വേവിച്ചതായും പൊലീസ് പറയുന്നു.
കുളിമുറിയിൽ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്. തുടർന്ന് പ്രഷർ കുക്കറിലിട്ട് വേവിച്ചു. തുടർന്ന് അസ്ഥികൾ വേർപെടുത്തി. ഇത് ഉലക്ക ഉപയോഗിച്ച് കുത്തിപ്പൊടിച്ച് വീണ്ടും വേവിച്ചു.
മൂന്ന് ദിവസം മാംസവും അസ്ഥികളും പലതവണ പാകം ചെയ്തു. പിന്നീട് കവറുകളിലാക്ക് മൃതദേഹ ഭാഗങ്ങൾ പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ തള്ളിയതായി പ്രതി വിവരിക്കുന്നു. 13 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.
മുൻ സൈനികനായ ഗുരു മൂർത്തി നിലവിൽ ഡിആർഡിഒയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്. കുട്ടികൾ രണ്ടും സംഭവ ദിവസം മാധവിയുടെ വീട്ടിലായിരുന്നു. ഇരുവർക്കിടയിലും വഴക്ക് പതിവാണെന്നും പറയപ്പെടുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.