തൊടുപുഴ: വ്യവസായവാണിജ്യ വകുപ്പിന്റെയും ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പുതിയ സംരംഭകർക്ക് വേണ്ടിയും നിലവിൽ സംരംഭം നടത്തുന്നവർക്ക് വേണ്ടിയും സംരംഭക ബോധവൽക്കരണ പരിപാടി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ബ്ലോക്ക് മെമ്പർ കെ.എസ് ജോൺ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം ഇളദേശം ബ്ലോക്ക് പ്രസിഡന്റ് ടോമി കാവാലം നിർവ്വഹിച്ചു. ബ്ലോക്ക് മെമ്പർ ആൽബർട്ട് ജോസ്, ബ്ലോക്ക് സെക്രട്ടറി അജയ് എ.ജെ എന്നിവർ ആശംസകൾ അറിയിച്ചു. സംരംഭത്തിന്റെ പ്രാധാന്യം, മാർക്കറ്റിംഗ് എന്നിവയെപ്പറ്റി ചന്ദ്രൻ, പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിഷയത്തെ പറ്റിയും ഫിനാൻഷ്യൽ മാനേജ്മെന്റിനെ പറ്റിയും ടിജോ, വ്യവസായ വകുപ്പ് പദ്ധതികളെ പറ്റി വ്യവസായ വികസന ഓഫീസർ രാജേഷ് എന്നിവർ ക്ലാസുകൾ എടുത്തു. അമ്പതോളം സംരംഭകരും ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ എന്റെർപ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്സ്കളും പരിപാടിയിൽ പങ്കെടുത്തു.
