പത്തനംതിട്ട: ബസ് സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്ത എസ്ഐയെ പ്ലസ് ടു വിദ്യാർഥിയുടെ മർദനം. സ്കൂൾ വിട്ട ശേഷം സ്റ്റാൻറിൽ കറങ്ങി നടക്കാതെ വീട്ടിൽ പോവാൻ പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻറെ കഴുത്തിനു പിടിച്ച് വിദ്യാർഥി നിലത്തിടുകയായിരുന്നു.
പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻറിൽ ചെവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ജിനുവിനാണ് മർദനമേറ്റത്. തലയ്ക്കും കൈക്കും പരുക്കേറ്റ ഇദ്ദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വിദ്യാർഥികളുടെ സ്ഥിരം സംഘർഷ വേദിയാണ് പത്തനംതിട്ട സ്വകാര്യ ബസ്റ്റാൻറെന്ന് നാട്ടുകാർ പറഞ്ഞു. വിദ്യാർഥിനികളെ സ്ഥിരമായി കമൻറടിക്കുന്നുണ്ടെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് എസ്ഐയും സംഘവും ബസ് സ്റ്റാൻറിലെത്തിയത്.
അപ്പോഴാണ് സ്റ്റാൻറിൽ കറങ്ങി നടക്കുന്ന വിദ്യാർഥിയ കണ്ടത്. പിന്നാലെ ഇവിടെ ഇങ്ങനെ കറങ്ങി നടക്കാതെ വീട്ടിൽ പോവാൻ എസ്ഐ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട ഉടനെ അത് പറയാൻ താനാരാണെന്ന് ചോദിച്ച് വിദ്യാർഥി പൊലീസുകാർക്ക് നേരെ തട്ടിക്കയറുകയായിരുന്നു.
എന്നാൽ നമുക്ക് സ്റ്റേഷനിൽ പോവാമെന്ന് പറഞ്ഞ് എസ്ഐ വിദ്യാർഥിയുടെ കൈയിൽ പിടിച്ച് ജീപ്പിനടുത്തേക്കെത്തിയപ്പോൾ വിദ്യാർഥി പിന്നിൽ നിന്നും എസ്ഐയുടെ കഴുത്തിന് പിടിച്ച് താഴെയിടുകയും കമ്പിവടികൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.
ഉടൻ തന്നെ പൊലീസ് ഇയാളെ പൊലീസ് കീഴടക്കി സ്റ്റേഷനിലെത്തിച്ചു. ലോക്കപ്പിൽ വച്ചും വിദ്യാർത്ഥി ബഹളമുണ്ടാക്കി. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണോയെന്ന കാര്യം സംശയിക്കുന്നതായും പരിശോധനകൾ നടക്കുമെന്നും പൊലീസ് അറിയിച്ചു.