കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും സർവകാല റെക്കോർഡിടുകൾ പിന്നിട്ട് കുതിപ്പു തുടരുന്നു. ഇന്ന്(04/02/2024) പവന് 840 രൂപ ഉയർന്ന സ്വർണം ആദ്യമായി 62,000 വും കടന്ന് 62,480 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 105 രൂപയാണ് ഉയർന്നത്. ഗ്രാമിന്റെ വില 7810 രൂപ. കഴിഞ്ഞ മാസം 22നാണ് പവൻ വില ആദ്യമായി 60,000 കടന്നത്. പിന്നീട് ഈ മാസത്തിൻറെ തുടക്കത്തിൽ സ്വർണവില 61,960 രൂപയിലുമെത്തിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞും മാറ്റമില്ലാതെയും തുടർന്ന സ്വർണവിയാണ് ഇന്ന് ഒറ്റയടിക്ക് 62,000 വും കടന്ന് കുതിച്ചത്. അമെരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ സാമ്പത്തിക രംഗത്തുണ്ടായ അനിശ്ചിതത്വം സ്വർണത്തിനു കരുത്തു കൂട്ടിയെന്നാണ് ധനകാര്യ വിദഗ്ധർ വിലയിരുത്തുന്നത്. സ്വർണത്തിൻറെ വില അനുദിനം വർധിക്കുന്നത് സ്വർണ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയാണ്.