ചെങ്ങന്നൂർ: പെട്രോൾ അടിച്ച ശേഷം ബാക്കി തുക നൽകാൻ താമസിച്ചതിനെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട കോട്ടങ്കൽ കുളത്തൂർ മാലംപുഴത്തുഴത്തിൽ വീട്ടിൽ അജു അജയൻ (19), ബിജു ഭവനത്തിൽ ബിനു (19) എന്നിവരാണ് അറസ്റ്റിലായത്. പമ്പ് ജീവനക്കാരൻ കാരക്കാട് പുത്തൻവീട്ടിൽ മണിക്കാണ് (67) മർദനമേറ്റത്. ഇക്കഴിഞ്ഞ 19ന് രാത്രി നനന്ദാവനം ജംഗ്ഷന് സമീപത്തുള്ള പമ്പിലായിരുന്നു സംഭവം.
പെട്രോൾ പമ്പിലെത്തിയ പ്രതികൾ 500 രൂപ കൊടുത്ത ശേഷം 50 രൂപയ്ക്ക് പെട്രോൾ അടിച്ചു. എന്നാൽ ബാക്കി തുക തിരിച്ച് നൽകാൻ വൈകിയതിനാലാണ് പമ്പ് ജീവനക്കരനെ പ്രതികൾ മർദിച്ചത്. സിസിടിവി ക‍്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പൊലീസ് പിടികൂടി. ഇരുവരും മോഷ്ണകേസുകളിൽ പ്രതികളായിട്ടുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.