Timely news thodupuzha

logo

ഹിമാനി കൊലക്കേസിൽ പ്രതി കാമുകനെന്ന് സൂചന; പാർട്ടിയിൽ മകൾക്ക് ധാരാളം ശത്രുക്കളുണ്ടായിരുന്നുവെന്ന് അമ്മ

റോഹ്താക്: ഹരിയാന കോൺഗ്രസ് പ്രവർ‌ത്തക ഹിമാനി നർവാളിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പുകയുന്നു. പ്രതി 22 കാരിയായഹിമാനിയുമായി പ്രണയത്തിലായിരുന്ന വ്യക്തിയായിരുന്നെന്നും പണവുമായി ബന്ധപ്പെട്ട വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

പ്രതി അറസ്റ്റിലായതായി പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ പ്രതിയുടെ പേരടക്കമുള്ള വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല. കോൺഗ്രസിൻറെ സജീവ പ്രവർത്തകയായിരുന്ന ഹിമാനിയുടെ മൃതദേഹം സ്യൂട്ട് കേസിൽ ആക്കി ഉപേക്ഷിച്ച നിലയിൽ ഞായറാഴ്ചയാണ് കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും കണ്ടെത്തിയിരുന്നു.

കേസിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അതേ സമയം പാർട്ടിയും തെരഞ്ഞെടുപ്പും കൂടിയാണ് മകളുടെ ജീവനെടുത്തതെന്ന് ഹിമാനിയുടെ അമ്മ സവിത ആരോപിച്ചു. അവളെ അറിയാവുന്ന ആളാണ് കൊലപാതകിയെന്ന് വ്യക്തമാണ്.

തെറ്റായ കാര്യങ്ങളൊന്നും ഹിമാനി അംഗീകരിക്കാറില്ല. പ്രതി ആരു തന്നെ ആയാലും അയാളെ തൂക്കിലേറ്റണമെന്നും സവിത ആവശ്യപ്പെട്ടു. പാർട്ടിയിൽ തന്നെ അവൾക്ക് ധാരാളം ശത്രുക്കളുണ്ടായിരുന്നു.

പാർട്ടിയിൽ നിന്നുള്ളവരോ അവളുടെ സുഹൃത്തുക്കളോ തന്നെയായിരിക്കും കൊലപാതകി. കഴിഞ്ഞ 10 വർഷമായി ഹിമാനി പാർട്ടിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നു. അടുത്തിടെയാണ് ഒരു ജോലി വേണമെന്ന് അവൾ തീരുമാനിച്ചത്. വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. മകൾ മരിച്ചിട്ട് ഇതു വരെയും പാർട്ടി നേതൃത്വം താനുമായി സംസാരിക്കാൻ കൂട്ടാക്കിയിട്ടില്ലെന്നും സവിത ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *