ചെന്നൈ: തമിഴ്‌നാട് വിരുദുനഗറിലെ പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഫാക്ടറിയുടെ ഫോർമാനും സൂപ്പർവൈസറെയുമാണ് കരിയപട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
കമ്പനിയുടെ ഉടമ രാജ ചന്ദ്രശേഖർ ഒളിവിലാണെന്നും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വിരുതുനഗർ ജില്ലയിലെ കരിയപട്ടിക്ക് സമീപമുള്ള വടകരൈയിലെ പടക്കനിർമ്മാണ യൂണിറ്റിൽ ബുധനാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്.
അപകടത്തിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കൽകുറിച്ചി സ്വദേശി സൗദമ്മാൾ(53), കണ്ടിയനേന്തൽ സ്വദേശി കറുപ്പയ്യ(35) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
കണ്ടിയനേന്തൽ സ്വദേശികളായ മുരുകൻ(45), പെറ്റ്യാമ്മൽ(43), ഗണേശൻ(53) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. രാജ ചന്ദ്രശേഖറിൻറെ ഉടമസ്ഥതയിലുള്ള ‘യുവരാജ്’ പടക്കശാലയിലാണ് സംഭവം. തീ പൂർണമായും അണയ്ക്കാൻ സാധിച്ചു.
എന്നാൽ അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. ഫാക്റ്ററിക്ക് ലൈസൻസ് ഉള്ളതായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണെന്നും കരിയപട്ടി പൊലീസ് അറിയിച്ചു.