Timely news thodupuzha

logo

ലോക ജനസംഖ്യാ ദിന ബോധവത്കരണ സെമിനാർ നടത്തി

ഇടുക്കി: ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം, രാജകുമാരി എൻ എസ് എസ് കോളേജ്, കുടുംബാരോഗ്യ കേന്ദ്രം രാജകുമാരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ജനസംഖ്യാ ദിന ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.

2025ലെ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രതിപാദ്യ വിഷയം ‘ഗർഭധാരണത്തിന്റെ ശരിയായ പ്രായവും ഇടവേളയും ആരോഗ്യകരമായ കുടുംബത്തിന്റെ അടിത്തറ’ എന്നതാണ്. ‘അമ്മയാകേണ്ടത് ശരിയായ പ്രായത്തിൽ; മനസും ശരീരവും തയാറാകുമ്പോൾ മാത്രം’ എന്നതാണ് മുദ്രാവാക്യം. സ്ത്രീകളുടെ പ്രത്യുത്പാദന അവകാശവും ആരോഗ്യവുമാണ് ചർച്ചാവിഷയം.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും കേരളത്തിലും 15 മുതൽ 19 വയസിനിടയിലുള്ള പെൺകുട്ടികളുടെ പ്രസവം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അനാവശ്യ ഗർഭധാരണത്തെ തുടർന്നുള്ള ഗർഭഛിദ്രങ്ങളുടെ തോതും കൂടിവരുന്നുണ്ട്. പ്രത്യുത്പാദന ആരോഗ്യത്തെകുറിച്ചും ആഗ്രഹിക്കാത്തതും അനവസരത്തിലുള്ളതുമായ ഗർഭധാരണങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ചും ബോധവത്ക്കരണം തുടരേണ്ടതിന്റെ ആവശ്യകതയുമാണ് ലോക ജനസംഖ്യാ ദിനാചരണം ബോധ്യപ്പെടുത്തുന്നത്.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാജകുമാരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആശാ സന്തോഷ് നിർവഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോക്ടർ ശരത് ജി റാവു അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. പ്രവീൺ എൻ ദിനാചരണ സന്ദേശം നൽകി. രാജകുമാരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ലിൻഡ സാറാ കുര്യൻ ടീനേജ് പ്രഗ്‌നൻസി, അബോർഷൻ, എം റ്റി പി ആക്ട് എന്നിവയെ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഷൈലാഭായി, രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് സൂപ്പർ വൈസർ ആന്റണി ജോസ് , രാജകുമാരി ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു ജോർജ് കോളേജ് അധ്യാപകർ,അനധ്യാപകർ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *