കൊച്ചി: കൊച്ചി തീരത്തുണ്ടായ എം.എസ്.സി എൽസ മൂന്ന് കപ്പൽ അപകടത്തിൽ എം.എസ്.സി കപ്പൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പൽ തടഞ്ഞുവയ്ക്കാൻ ഹൈക്കോടതിയുടെ നിർദേശം. എം.എസ്.സി മാനസ എഫ് എന്ന കപ്പൽ തടഞ്ഞുവയ്ക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഴിഞ്ഞം തുറമുഖ അധികൃതർക്ക് നിർദേശം നൽകിയിരിക്കുന്നത്.
കാഷ‍്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം. അപകടത്തിൽപ്പെട്ട കപ്പലിനുള്ളിലുണ്ടായിരുന്ന കണ്ടെയ്നറിൽ കാഷ‍്യൂ ഉണ്ടായിരുന്നതായും തങ്ങൾക്ക് ആറ് കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നുമാണ് ഹർജിയിൽ പറയുന്നത്. ഉച്ചയോടെ കോടതി ഹർജി വീണ്ടും പരിഗണിക്കും. അതേസമയം കപ്പൽ അപകടത്തിൽ സർക്കാരിനോട് കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

സംസ്ഥാന സർക്കാരിന് മാത്രമല്ല സംഭവത്തിൽ കേന്ദ്ര സർക്കാരിനും കേസെടുക്കാമെന്നും കോടതി പറഞ്ഞു. കപ്പൽ അപകടങ്ങളിൽ പൊതുജനങ്ങളുടെ പണം ചെലവഴിക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. അപകടത്തിലുണ്ടായ നഷ്ടം കപ്പൽ കമ്പനിയിൽ നിന്നും തന്നെ ഈടാക്കണമെന്നും കോടതി നിർദേശിച്ചു.