തൊടുപുഴ: വാട്ടർ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി വഴിത്തലയിൽ നിന്നും പുറപ്പുഴ വരെയുള്ള പി.ഡബ്ല്യൂ.ഡി റോഡ് കുഴിച്ചിട്ട് മാസങ്ങളായി. പൈപ്പ് ഇടുന്നതിന് കുഴിച്ച ഭാഗങ്ങൾ ഇപ്പോൾ മഴ പെയത് കുഴികളും കിടങ്ങുകളും ചെളുകുണ്ടുകളുമായി മാറിയിരിക്കുകയാണ്. പൊതുവെ വീതി കുറവായ ഈ റോഡിൽ നിരവധി വാഹനങ്ങൾ സഞ്ചിരിക്കുന്നത് മൂലം അപകടങ്ങൾ സ്ഥിരം കാഴ്ചയാണ്. ബൈക്ക്, ഓട്ടോ യാത്രികർക്ക് കുഴികൾ വലിയ ഭീഷണിയായി മാറിയിരിക്കുന്നു. സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികൾക്കും യാത്ര ദുഷ്കരമായിരിക്കുകയാണ്.

കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റോഡിന്റെ നടുവിലൂടെ കുഴിച്ചിട്ടിരിക്കുന്നതിനാൽ ഇരുവശത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പറ്റാത്ത സാഹചര്യമാണ്, ഇക്കാരണം കൊണ്ട് ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്യുന്നു. പി.ഡബ്ല്യൂ.ഡി അധികൃതർ ഇടപെട്ട് അടിയന്തരമായി ഈ കുഴികൾ അടയ്ക്കുവാൻ തീരുമാനമെടുക്കണമെന്നും അല്ലാത്തപക്ഷം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് മാർട്ടിൻ ജോസഫ്(കോൺഗ്രസ് പുറപ്പുഴ മണ്ഡലം കമ്മറ്റി) അറിയിച്ചു.






