തൊടുപുഴ: ഡിജിറ്റൽ റീസർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ ഡിജിറ്റൽ റവന്യൂ കാർഡ് സംവിധാനം നവംബറിൽ നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കുടയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പിൻ്റെ പൂമുഖ പടിവാതിലുകളാണ് വില്ലേജ് ഓഫീസുകൾ. വില്ലേജ് ഓഫീസുകൾ ശാക്തീകരിക്കപ്പെടുന്നതോടെ റവന്യുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തിയാണ് വില്ലേജ് ഓഫീസുകൾ സ്മാർട്ട് ഓഫീസുകളാക്കുന്നതെന്നുേ കൂട്ടിച്ചേർത്തു.

കുടയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. താഴെതട്ടിലുള്ള ഒരു ഓഫീസിൽ നിന്നും ജനങ്ങൾക്ക് മികച്ച സേവനം നൽകുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും അതിനായാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പട്ടയം വിതരണം ത്വരിതപ്പെടുത്തുകയും ഭൂപ്രശ്നങ്ങൾ പരിഹരിക്കയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി ചടങ്ങിൽ നിർവഹിച്ചു.
കുടയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. ഷിയാസ്, ഡെപ്യൂട്ടി കളക്ടർ(ലാൻ്റ് റവന്യൂ) കെ.എം ജോസുകുട്ടി, തൊടുപുഴ തഹസീൽദാർ രാജീവ് യു, കുടയത്തൂർ വില്ലേജ് ഓഫീസർ മജേഷ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.