കോട്ടയം: തിരുവനന്തപുരത്തെ കെഎസ്‌ആർടിസി സിറ്റി സർക്കുലർ ബസുകളുടെ യാത്രാവിവരങ്ങൾ ഉൾക്കൊള്ളിച്ച് ‘യാത്രാക്കൂട്ട്’ എന്ന വെബ്സൈറ്റ് നിർമിച്ചപ്പോൾ മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ അഭിനന്ദനം നേടിയതിന്റെ ആഹ്ലാദത്തിലാണ് കീർത്തന സാറ കിരൺ. തിരുവഞ്ചൂർ ഇടച്ചേരിൽ നീലാണൂർ വീട്ടിൽ കിരൺ ജോസഫിന്റെയും കെ.ഇ ബിന്ദു മോളുടെയും മകളായ കീർത്തന, തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ് എൻജിനീയറിങ്ങ് കോളജിൽ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ്.

തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിൽ പൂജപ്പുരയിലേക്ക് ബസ് കാത്തുനിന്നപ്പോഴാണ് നമ്പറുകളെഴുതിയ ബസുകൾ ശ്രദ്ധിച്ചത്. ഈ ബസുകളുടെ റൂട്ടുകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ വെബ്സൈറ്റ് നിർമിക്കണമെന്ന ആശയം ഉടലെടുത്തത് അപ്പോഴാണ്. മൂന്നാഴ്ചയെടുത്താണ് കീർത്തന വെബ്സൈറ്റ് നിർമിച്ചത്. കോളജിന്റെ പിന്തുണയോടെ നിർമിച്ച വെബ്സൈറ്റ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സൈറ്റ് ഹോസ്‌റ്റ് ചെയ്യാനുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. നിലവിൽ വെർസൽ എന്ന സൗജന്യ ഹോസ്‌റ്റിങ് പ്ലാറ്റ്ഫോമിലാണ് ‘യാത്രാക്കൂട്ട്’ ഉള്ളത്. http://yaathraakoottu.vercel.app.





