യു.എസ്: ഇറാനും അമെരിക്കയും തമ്മിലുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ നടപടിയിൽ പാക്കിസ്ഥാൻറെ രാഷ്ട്രീയ – സൈനിക നേതൃത്വങ്ങൾക്കാണ് അമെരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രത്യേക നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവരുടെ അഭ്യർഥന മാനിച്ചാണ് ആക്രമണം നിർത്തിവയ്ക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
ഇതാദ്യമായാണ് ഇറാനുമേലുള്ള സൈനിക നടപടി അമെരിക്ക സമയപരിധി നിശ്ചയിക്കാതെ മാറ്റിവയ്ക്കുന്നത്. ലോകത്തിനു മുന്നിൽ സമാധാന ദൂതരായി സ്വയം അടയാളപ്പെടുത്താനുള്ള പാക്കിസ്ഥാൻറെ നീക്കങ്ങൾക്ക് വലിയ ഊർജം പകരുന്നതാണ് ട്രംപിൻറെ പുതിയ പ്രസ്താവന. “ഇറാൻ ഭരണകൂടം നിലവിൽ ഭിന്നതയിലാണ്. ഒരു ഏകീകൃത സമാധാന നിർദേശം മുന്നോട്ടുവെക്കാൻ അവർക്ക് സമയം നൽകണമെന്ന് ഫീൽഡ് മാർഷൽ അസിം മുനീറും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും അഭ്യർത്ഥിച്ചു.
ഇത് പരിഗണിച്ചാണ് ആക്രമണം നീട്ടിവെക്കുന്നത്,” സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. അമെരിക്കൻ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഷെഹബാസ് ഷെരീഫും രംഗത്തെത്തി. “ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകളിലൂടെ ശാശ്വതമായ ഒരു സമാധാന കരാറിലെത്താൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം എക്സിൽ കുറിച്ചു.





