Timely news thodupuzha

വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ സഹായ ധനം നൽകും, സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു

തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഓൺലൈനായാണ് മന്ത്രിസഭായോഗം ചേർന്നത്. സ്ഫോടനം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഏകാംഗ ജുഡീഷ്യൽ കമ്മീഷനായാണ് അന്വേഷണം നടത്തുക. സ്ഫോടനത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നു 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു 10 ലക്ഷം രൂപയും ഉൾപ്പെടെ 14 ലക്ഷം രൂപ അടിയന്തര ധനസഹായം അനുവദിക്കും.

പരിക്കേറ്റവർക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കും. പരിക്കേറ്റവർക്ക് 6 മാസത്തേക്കുള്ള സർക്കാർ/സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കും. ഇതിനാവശ്യമായ തുക ജില്ലാ കലക്റ്ററുടെ ശുപർശയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.

ഇതിനു പുറമെ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിനീയമായ തുക ചികിത്സാ ധനസഹായമായി നൽകും. ആറു മാസത്തിലധികം ചികിത്സ വേണ്ടിവന്നാൽ മെഡിക്കൽ ബോർഡിൻറെ തീരുമാനത്തിൻറെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിൽ ചികിത്സാ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും. തെരച്ചിലും രക്ഷാപ്രവർത്തനവും സുഗമമാക്കുന്നതിന് പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതിൽ പൊളിക്കുകയും വയൽ നികത്തുകയും ചെയ്തിട്ടുണ്ട്.

ഇവ പൂർവസ്ഥിതിയിൽ ആക്കുന്നതിന് ചെലവാകുന്ന തുക ജില്ലാ കലക്റ്ററുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ദുരന്തപ്രതികരണ നിധിയിൽ നിന്ന് അനുവദിക്കും. ദുരന്തവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ മറവു ചെയ്യുന്നതിനും, ഡിഎൻഎ മാച്ചിങ്ങിനായി സാമ്പിളുകൾ ശേഖരിക്കുന്നതിനുമായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (SOP) പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നിർദേശം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് നൽകി. അടിയന്തര പ്രതികരണത്തിനായി 50 ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിച്ച നടപടി സാധൂകരിച്ചു. ദുരന്ത പ്രതികരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ചെലവുകൾ ഈ തുകയിൽ നിന്നു ചെലവഴിക്കാൻ ജില്ലാ കലക്റ്റർക്ക് അനുമതി നൽകി. സ്ഫോടനം കാരണം സമീപ വീടുകൾക്കുണ്ടായ നാശനഷ്ടത്തിൻറെ തോത് കണക്കാക്കി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിച്ച് എസ്ഡിആർഎഫിൽ നിന്നു തുക ലഭ്യമാക്കാനും ജില്ലാ കലക്റ്ററെ ചുമതലപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *