കൊച്ചി: സംസ്ഥാന കോൺഗ്രസിലെ വെടിനിര്‍ത്തല്‍ തെറ്റിച്ച് വീണ്ടും കലഹത്തിന് തുടക്കം. കെ മുരളീധരനാണ് ഇത്തവണയും പരസ്യപ്രതികരണം തുടങ്ങിയത്. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേദിയില്‍ സംസാരിക്കാന്‍ അവസരം കിട്ടാത്തതില്‍ അതൃപ്തനായാണ് മുരളീധരന്റെ പ്രതിഷേധം.
സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്താൻ തയ്യാറാണന്നും പാർടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ നിർത്തിപോകാൻ തയ്യാറാണെന്നും മുരളീധരൻ പറഞ്ഞു. അതൃപ്തി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേദി തന്നെ കേരളത്തിലെ നേതാക്കളുടെ മൂപ്പിളമ തര്‍ക്കത്തിന് വേദിയായത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വവും ഗൗരവത്തിലാണ് കാണുന്നത്.
തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പരിപാടിയിൽ പങ്കെടുത്തിരുന്നു. ആഘോഷ വേദിയില്‍ കെ മുരളീധരനും ശശി തരൂരിനും സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. വേദിയിലെത്തിയ മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന് ഇരിക്കാന്‍ ഇരിപ്പിടവും ആദ്യം ലഭിച്ചിരുന്നില്ല.
പ്രസംഗിക്കാന്‍ മുന്‍ കെപിസിസി അധ്യക്ഷന്മാരെ ക്ഷണിച്ചിട്ടും തന്നെ ഒഴിവാക്കിയതെന്തെന്ന് മുരളീധരന്‍ കെപിസിസി അധ്യക്ഷനോട് ചോദിക്കുകയും ചെയ്തിരുന്നു. സദസ്സ് നിയന്ത്രിച്ചവര്‍ മറന്നു പോയതാവാമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.