കോഴിക്കോട്: എലത്തൂരിൽവച്ച് കണ്ണൂർ–ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിൽ തീയിട്ട കേസിലെ പ്രതി നോയിഡ ഷഹീൻബാഗ് സ്വദേശി ഷാറൂഖ് സെയ്‌ഫിയെ(24) കോഴിക്കോടെത്തിച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും.
സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷകസംഘം മഹാരാഷ്‌ട്രയിലെത്തി അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷമാണ് റോഡ് മാർഗം കേരളത്തിലെത്തിയത്. കോഴിക്കോട് മാലൂർക്കുന്ന് പൊലീസ് ക്യാമ്പിൽ ഇയാളെ ചോദ്യം ചെയ്യും. എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറും ഐ.ജി നീരജ് കുമാറും ക്യാമ്പിലെത്തി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽ മീണയും പൊലീസ് ക്യാമ്പിലെത്തിയിട്ടുണ്ട്.
ഷാറൂഖിന്റെ ഷഹീൻബാഗിലെ വീട്ടിലെത്തി കേരളത്തിൽനിന്നുള്ള അന്വേഷകസംഘം തെളിവെടുപ്പ് നടത്തി. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി പ്രാഥമിക ഘട്ടത്തിൽ കണ്ടെത്താനായിട്ടില്ല. എന്നാൽ, സംഭവത്തിൽ ബാഹ്യ ഇടപെടൽ പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് എക്‌സിക്യൂട്ടിവ് എക്‌സ്‌പ്രസിൽ പെട്രോൾ ചീറ്റി തീയിട്ടത്. തീ ആളുന്നത് കണ്ട് ഭയന്ന് പുറത്തേക്ക് ചാടിയ മൂന്ന് പേർ മരിച്ചിരുന്നു.