തിരുവനന്തപുരം: ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച സംഘപരിവാർ അവരെ കൂടെ നിർത്താൻ നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം പരിഹാസ്യമാണെന്നു സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.
ആർഎസ്എസിന്‍റെ ഗ്രന്ഥമായ വിചാരധാരയിൽ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യാനികൾ ഉൾപ്പടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളും കമ്മ്യൂണിസ്റ്റുകാരും. അതുകൊണ്ട് തന്നെയാണ് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് നേരെയും കമ്മ്യൂണിസ്റ്റുകാർക്കെതിരെയും അക്രമപരമ്പര തന്നെ രാജ്യത്ത് അരങ്ങേറിയത്. ഗ്രഹാം സ്റ്റേയിൻസിനെ പോലെയുള്ളവരെ ചുട്ടുകൊന്നതും ഹിന്ദുത്വവാദികളാണ്. കഴിഞ്ഞ ക്രിസ്തുമസ് ആഘോഷവേളയിൽ രാജ്യത്തെമ്പാടും വമ്പിച്ച ആക്രമണമാണ് കന്യാസ്ത്രികൾ ഉൾപ്പടെയുള്ളവർക്ക് നേരെ ഉണ്ടായത്. ഛത്തീസ്ഗണ്ഡിലുണ്ടായ ആക്രമണ പരമ്പരയ്ക്ക് അന്ത്യമായിട്ടുമില്ല. ഈ ഘട്ടത്തിലാണ് ക്രിസ്ത്യൻ മതസ്ഥാപനങ്ങളും പുരോഹിതന്മാരെയും സന്ദർശിക്കുന്ന പരിപാടിയുമായി പ്രധാനമന്ത്രി തൊട്ടുള്ള ബിജിപി നേതാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത്. ബിജെപിയുടെ നിലപാട് അറിയാവുന്ന പ്രബുദ്ധരായ കേരള ജനത ഇതു തിരിച്ചറിയുക തന്നെ ചെയ്യും, പ്രസ്താവനയിൽ പറയുന്നു