വയനാട്: മേപ്പാടിയില്‍ യുവതിയുടെ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചു വിട്ടു ക്രൂരമായി ആക്രമിച്ച സംഭവം അത്യന്തം അപലപനീയവും അതിക്രൂരവുമാണെന്ന് മന്ത്രി വീണാ ജോർജ്. ആക്രമണത്തിന് ഇരയായ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ് പണിക്കറുമായി സംസാരിച്ചു. ശരീരത്തിലെ മുറിവുകളുടെ വേദനയ്‌ക്കൊപ്പം നായയുടെ ആക്രമണത്തിന്‍റെ ഭീകരത ഏല്‍പ്പിച്ച നടുക്കത്തിലാണ് മായയുള്ളതെന്നും മന്ത്രി പ്രതികരിച്ചു.
ഫെയ്സ്ബുക്ക് പേസ്റ്റിലൂടെയാണ് വീണാ ജോർജ് ഇക്കാര്യമറിയിച്ചത്. സംഭവത്തില്‍ പ്രതിയായ ജോസിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഒരു കാരണവശാലും ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അതിനാല്‍ തന്നെ കര്‍ശനമായി ഇതിനെ നേരിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നലെയാണ് ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസർക്കു നേരെ പട്ടിയെ അഴിച്ചുവിട്ടത്. നെല്ലിമാളം സ്വദേശി ജോസിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മായാ പ്രതിയുടെ വീട്ടിലെത്തിയത്. ഇതിൽ പ്രകോപിതനായ പ്രതി പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് മായാ ജോസിനെതിരെ മേപ്പാടി പൊലീസിൽ പരാതി നൽകി.