ഇടുക്കി ; കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഒഴുകിയെത്തിയ ആയിരക്കണക്കിന് ഭക്തരുടെയും സഞ്ചാരികളുടെയും സാന്നിധ്യത്തില്‍ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പൗരാണിക കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ആളുകള്‍ക്ക് പ്രവേശനമുള്ളത്.
ചൈത്രമാസത്തിലെ ചിത്തിരനാളിലെ പൗര്‍ണ്ണമി അഥവാ ചിത്രാപൗര്‍ണ്ണമി ദിനമായ വെള്ളിയാഴ്ച കേരള, തമിഴ്‌നാട് സര്‍ക്കാറുകള്‍ സംയുക്തമായാണ് ഉത്സവം നടത്തിയത്.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളില്‍ ഒരേസമയം കേരളം, തമിഴ്‌നാട് ശൈലികളിലെ പൂജകള്‍ നടന്നു. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും വെളുപ്പിന് അഞ്ച് മണിയോടെ നട തുറന്ന് ആചാരചടങ്ങുകള്‍ ആരംഭിച്ചു. ആദ്യ ശ്രീകോവിലിലും ഉപദേവത പ്രതിഷ്ഠകളായ ഗണപതി, ശിവപാര്‍വ്വതീ സങ്കല്‍പത്തിലുള്ള പെരുമാള്‍ കോവിലുകളിലും കേരളരീതിയിലുള്ള പൂജകളാണ് നടത്തിയത്. തന്ത്രി സൂര്യകാലടി സൂര്യന്‍ ജയസൂര്യ ഭട്ടതിരിപ്പാട്, മേല്‍ശാന്തി ദിലീപ്കുമാര്‍ വള്ളിയങ്കാവ് എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി. അഭിഷേക, അലങ്കാര പൂജകളോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകളില്‍ ഗണപതി ഹോമം, പ്രസന്ന പൂജ, ഉച്ചപൂജ എന്നിവ നടന്നു.
തൊട്ടടുത്തുള്ള ശ്രീകോവിലില്‍ തമിഴ്‌നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്. ഈ ശ്രീകോവിലിനോടു ചേര്‍ന്നു തന്നെ രാജരാജ ചോളന്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ഇവിടുത്തെ പ്രത്യേകതയാണ്. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള – തമിഴ്‌നാട് പൊലീസ്, റവന്യു, വനം വകുപ്പ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യം, അഗ്‌നി രക്ഷാ സേന അധികൃതര്‍ സംയുക്തമായാണ് ചിത്രാപൗര്‍ണ്ണമി ഉത്സവം നടത്തിയത്.
കുമളിയില്‍ നിന്നും വനത്തിനുള്ളിലൂടെ 14 കിലോമീറ്ററോളം സഞ്ചരിച്ചാണ് വിശ്വാസികള്‍ ക്ഷേത്രത്തിലെത്തിയത്. ഭക്തജനങ്ങള്‍ക്കായി കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യം, പ്രത്യേക പാസ് നല്കി വാഹന സൗകര്യം എന്നിവ ഏര്‍പ്പെടുത്തിയിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രവേശനമുള്ളതിനാല്‍ ആയിരക്കണക്കിന് ഭക്തരാണ് ദര്‍ശനത്തിന് എത്തിയത്. കുമളിയില്‍ നിന്നും ട്രിപ്പ് ജീപ്പിലാണ് പ്രധാനമായും ഭക്തര്‍ എത്തിയത്. ഇതിന് പുറമേ കാല്‍നടയായും ധാരാളം ഭക്തര്‍ എത്തിയിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ക്ലിനിക്ക്, ആംബുലന്‍സ്, ഫയര്‍ ആന്റ് റെസ്‌ക്യു തുടങ്ങിയവയുടെ സേവനങ്ങളും ഒരുക്കിയിരുന്നു. ക്ഷേത്രം വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ വന്യ ജീവികളുടെ സൈ്വര്യവിഹാരത്തിന് തടസം ഉണ്ടാക്കാത്ത രീതിയിലാണ് ഭക്തരുടെ പ്രവേശനവും ക്ഷേത്ര ചടങ്ങുകളും സജ്ജീകരിച്ചത്.
ഉച്ച കഴിഞ്ഞ് രണ്ടരയോട് കൂടി കുമളി ബസ് സ്റ്റാന്‍ഡില്‍ സജ്ജീകരിച്ച ഒന്നാം ഗേറ്റില്‍ നിന്നും ഭക്തര്‍ക്ക് കോവിലിലേക്കുള്ള പ്രവേശനം അവസാനിപ്പിച്ചു. വൈകിട്ട് അഞ്ചരയ്ക്ക് ശേഷം ക്ഷേത്ര പരിസരത്ത് ആരെയും അനുവദിച്ചില്ല.
ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍, എഡിഎം ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍മാരായ മനോജ് കെ, വി. ആര്‍ ലത, പീരുമേട് തഹസീല്‍ദാര്‍ സണ്ണി ജോര്‍ജ്ജ് , വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉത്സവത്തിന്റെ ക്രമീകരണങ്ങളില്‍ പങ്കുചേര്‍ന്നു.