Timely news thodupuzha

logo

ഇടുക്കി ജില്ലാതല പട്ടയമേള വ്യാഴാഴ്ച

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാതല പട്ടയമേള വ്യാഴാഴ്ച രാവിലെ 11 ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ചെറുതോണി ടൗണ്‍ഹാളില്‍ നടക്കുന്ന മേളയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും.

ജില്ലയിലെ വിവിധ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാക്കുന്നതിന് റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് പട്ടയ വിതരണം നടത്തുന്നത്. വിവിധ ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം 2788 പട്ടയങ്ങള്‍ മേളയില്‍ വിതരണം ചെയ്യും. ജില്ലയിലെ താലൂക്ക് ഓഫീസുകള്‍, വിവിധ ഭൂമിപതിവ് ഓഫീസുകള്‍ എന്നിവ മുഖേന തയ്യാറാക്കിയ 1993-ലെ ഭൂമി പതിവ് ചട്ടം, 1964-ലെ ഭൂമിപതിവ് ചട്ടം എന്നിവ പ്രകാരമുള്ള പട്ടയങ്ങള്‍, ലോവര്‍ പെരിയാര്‍ പദ്ധതി പ്രദേശത്തുനിന്നും 1971-ല്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പകരം നല്‍കുന്ന ഭൂമിയുടെ പട്ടയങ്ങള്‍, ദേവികുളം താലൂക്കില്‍ റദ്ദ് ചെയ്ത പട്ടയങ്ങള്‍ക്ക് പകരമായി അനുവദിച്ച പട്ടയങ്ങള്‍, വനാവകാശ രേഖകള്‍, ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശത്തെ പട്ടയങ്ങള്‍, ലാന്‍ഡ് ട്രൈബ്യൂണല്‍ ക്രയസര്‍ട്ടിഫിക്കറ്റുകള്‍, മുനിസിപ്പല്‍ പ്രദേശത്തെ പട്ടയങ്ങള്‍, ഹൈറേഞ്ച് കോളണൈസേഷന്‍ സ്‌കീം പ്രകാരമുള്ള പട്ടയങ്ങള്‍ എന്നിവ മേളയില്‍ വിതരണം ചെയ്യും.

ദേവികുളം, ഇടുക്കി, തൊടുപുഴ എന്നീ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ ഉദ്ഘാടനം, റവന്യൂ അതിഥിമന്ദിരം, ഇടുക്കി തഹസീല്‍ദാറുടെ ഔദ്യോഗിക വസതി എന്നിവയുടെ ഉദ്ഘാടനം തുടങ്ങിയവയും പട്ടയമേളയില്‍ നടക്കും. കൂടാതെ വാത്തിക്കുടി, ആലക്കോട്, വണ്ണപ്പുറം എന്നീ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും നടക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എ.മാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ-സാംസ്‌ക്കാരിക സാമൂഹ്യ രംഗത്തെ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *