രാജാക്കാട്: കെട്ടിട നികുതിയും പെർമിറ്റ് ഫീസും 10 ഇരട്ടിയായി വർദ്ധിപ്പിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജാക്കാട് പഞ്ചായത്ത് ഓഫീസ് പടിയ്ക്കലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഇന്ത്യൻ ഓയിൽ പമ്പിന് സമീപത്ത് നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസ് പടിയ്ക്കൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ സമരം കെ.പി.സി.സി മെമ്പർ ആർ.ബാലൻപിള്ള ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ എൻ.ജെ.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ ബെന്നി പാലക്കാട്ട് സ്വാഗതം ആശംസിച്ചു, ഡി.സി സി ജനറൽ സെക്രട്ടറി എം.പി.ജോസ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നേതാക്കളായ ജമാൽ ഇടശ്ശേരിക്കുടി, ജോസ് ചിറ്റടി, ബെന്നി തുണ്ടത്തിൽ, സിബി കൊച്ചുവളളാട്ട്, കെ.പി.ഗോപിദാസ്, ജോഷി കന്യാക്കുഴി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.അരുൺ, ജനപ്രതിനിധികളായ കിങ്ങിണി രാജേന്ദ്രൻ,പുഷ്പലത സോമൻ, മിനി ബേബി, പ്രിൻസ് തോമസ്, റ്റി.കെ.സുജിത് എന്നിവർ പ്രസംഗിച്ചു.