Timely news thodupuzha

logo

പ്രവർത്തനാധിഷ്ഠിതവും അറിവ് നിമാണത്തിൽ കേന്ദ്രീകൃതവുമായ വിദ്യാഭ്യാസ പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യണം; മന്ത്രി വി.ശിവൻകുട്ടി

കൊച്ചി: പ്രാഥമിക വിദ്യഭ്യാസം പൂർത്തീകരിക്കുന്ന എൽപി വിഭാഗം കുട്ടികൾ മാതൃഭാഷയിലും ഗണിതത്തിലും ഇംഗ്ലീഷിലും അടിസ്ഥാനശേഷികൾ കൈവരിച്ചെന്ന് അധ്യാപകർ ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടിയായ അധ്യാപക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശ്ശേരിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

അധ്യാപക പരിശീലനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ മോഡ്യൂൾ നിർമാണം, ആശയരൂപീകരണം എന്നിവയും ജില്ലാതല പരിശീലന പരിപാടികളും പൂർത്തീകരിച്ചാണ് അധ്യാപക സംഗമങ്ങളിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്ന സാഹചര്യത്തിൽ സംഗമങ്ങൾ പ്രവർത്തനാധിഷ്ഠിതവും അറിവ് നിമാണത്തിൽ കേന്ദ്രീകൃതവുമായ വിദ്യാഭ്യാസ പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു.

യുപി, ഹൈസ്‌കൂൾ ക്ലാസുകളിലെ കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവും വൈകാരികവുമായ തലങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ അധ്യാപകരിൽ ധാരണ ഉണ്ടാക്കുന്നതിനുള്ള മോഡ്യൂളിനെ ഈ കാലഘട്ടത്തിൻറെ പ്രായോഗികതയ്‌ക്ക് അനുസരിച്ച് ചർച്ച ചെയ്‌ത്, വിശകലനം ചെയ്‌ത് നടപ്പാക്കണം. വിദ്യാലയ പരിസരങ്ങളിൽ നിന്ന് ലഹരി മാഫിയയെ അകറ്റുന്നതിന് പിടിഎയുടെയും പൂർവ വിദ്യാർത്ഥി സംഘടനകളുടെയും സഹായം തേടണം. ജനപ്രതിനിധികളെയും സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ പ്രവർത്തകരെയും ചേർത്തുനിർത്തി ഈ വിപത്തിനെ നേരിടണം.

അധ്യാപകരിലടക്കം ലഹരി ഉപയോഗം കണ്ടുവരുന്നതും അത് കടുത്ത അക്രമത്തിലേക്കും മനോവിഭ്രാന്തിയിലേക്കും പോയതും ഈ സമീപ ദിവസങ്ങളിൽ നാം കണ്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഓരോ കുട്ടിയും ഓരോ വിദ്യാലയവും ഓരോ യൂണിറ്റാണ് എന്ന അടിസ്ഥാനത്തിൽ ഊന്നി അവയുടെ പ്രത്യേകതയ്‌ക്കനുസരിച്ച് അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് അധ്യാപക സംഗമങ്ങൾ ലക്ഷ്യമിടണം.

കുട്ടികളിൽ അക്കാദമികവും അക്കാദമികേതരവുമായ കഴിവുകൾ വർധിപ്പിക്കാൻ ഉതകുന്ന പഠന- പരിശീലന പരിപാടികൾ വികസിപ്പിക്കാനും അധ്യാപക സംഗമങ്ങൾക്കാകണം. പാർശ്വവൽകൃത സമൂഹത്തിന്റെ പ്രത്യേകിച്ച് ആദിവാസി ഗോത്ര മേഖല, മലയോര -തീരമേഖല എന്നിവിടങ്ങളിൽ അധിവസിക്കുന്ന ജനതയെയും അവിടങ്ങളിലെ കുട്ടികളെയും നാം ചേർത്തു പിടിക്കണം.

ഇത്തരം മേഖലയിൽ നിന്നുള്ള കുട്ടികൾക്ക് പഠനം ഉറപ്പുവരുത്തുന്നതിനും പഠനനിലവാരം ഉയർത്തുന്നതിനുമുള്ള സവിശേഷമായ അക്കാദമിക പദ്ധതികൾക്കും അധ്യാപക സംഗമങ്ങൾ ഊന്നൽ നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.ഭിന്നശേഷി കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പൊതുസമൂഹത്തിനോട് ചേർത്ത് നിർത്തുന്നതിനുള്ള നൂതനവും ശാസ്‌ത്രീയവുമായ പരിപാടികൾ തയ്യാറാക്കണം.

ഇത്തരം കുട്ടികളുടെ രക്ഷിതാക്കൾക്കാവശ്യമായ മാനസികാരോഗ്യം നിലനിർത്തുന്നതിനും അവരെ സ്വയം ശേഷിയുള്ളവരാക്കുന്നതിനും സാമൂഹിക പിന്തുണ ഉറപ്പുവരുത്തുന്നതിനുമായ നൂതന പ്രോഗ്രാമുകൾ പരിശീലനത്തിന്റെ ഭാഗമാക്കണം. വർത്തമാനകാല യാഥാർത്ഥ്യങ്ങളോടും സാമൂഹ്യപരമായ പുരോഗതിയോടും കിടപിടിക്കാൻ ശേഷിയുള്ള വൈജ്ഞാനിക സമൂഹമായി കുട്ടികളെ മാറ്റുന്നതിനും സ്വയം നവീകരിക്കുന്നതിനും ഇക്കൊല്ലത്തെ അധ്യാപക സംഗമങ്ങൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *