Timely news thodupuzha

logo

പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; ബാങ്കിൻറെ മുൻ പ്രസിഡൻറും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാം കസ്റ്റഡിയിൽ

വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പരാതിക്കാരൻ‌ ആത്മഹത്യ ചെയ്തതിനു പിന്നാലെ ബാങ്കിൻറെ മുൻ പ്രസിഡൻറും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ. എബ്രഹാം കസ്റ്റഡിയിൽ.പുൽപ്പള്ളിയിലെ വീട്ടിൽ നിന്ന് പുലർച്ചെ ഒന്നരയോടെയാണ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ബാങ്കിൻറ മുൻ സെക്രട്ടറി രമാദേവിയേയും ചോദ്യം ചെയ്യും.

ചൊവ്വാഴ്ച്ചയാണ് വായ്പാ തട്ടിപ്പ് കേസിൽ കർഷകനായ രജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇതിനെ തുടർന്ന് എബ്രഹാം ഉൾപ്പടെയുള്ളവർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. എബ്രഹാമിനെതിരെ നടപടിയെടുക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ബാങ്ക് രേഖാപ്രകാരം രാജേന്ദ്രന് 40 ലക്ഷം രൂപ കുടിശ്ശികയുണ്ട്.

എന്നാൽ 80,000 രൂപ മാത്രമാണു താൻ വായ്പയെടുത്തതെന്നും, ബാക്കി തുക തൻറെ പേരിൽ കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് മുൻ ഭരണസമിതി തട്ടിയെടുത്തെന്നുമായിരുന്നു രാജേന്ദ്രൻറെ പരാതി. കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 2017ലാണ് രാജേന്ദ്രൻ കോടതിയിൽ പരാതി നൽകിയത്.

70 സെൻറ് സ്ഥലവും വീടും ഈട് വച്ചിരുന്നു. ഇതിൻറെ മറവിലാണ് കോൺഗ്രസ് ഭരണസമിതി രാജേന്ദ്രനെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. വായ്പാ തട്ടിപ്പ് കേസിൽ ഏഴ് മാസത്തോളം ജനകീയ സമിതിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ സമരം നടത്തിയിരുന്നു.

എന്നാൽ, കേസ് എടുത്തു എന്ന് പറഞ്ഞതല്ലാതെ രാജേന്ദ്രന് നീതി ലഭിച്ചില്ല. 73,000 രൂപയുടെ കടബാധ്യതയാണ് ഇന്ന് 41 ലക്ഷത്തിലേക്ക് എത്തിനിൽക്കുന്നതെന്നും രാജേന്ദ്രൻറേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും നാട്ടുകാർ ആരോപിച്ചു.

സഹകരണ ബാങ്കിൻറെ വായ്പാ തട്ടിപ്പിൻറെ ഇരയാണ് രാജേന്ദ്രനെന്നും നാട്ടുകാർ പറയുന്നു. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോയതോടെയാണ് ആത്മഹത്യയിലേക്ക് രാജേന്ദ്രൻ കടന്നതെന്നാണ് ബന്ധുക്കളും ആരോപിച്ചിരുന്നത്. ഇതിനു പിന്നാലയാണ് കോൺഗ്രസ് നേതാവിൻറെ അറസ്റ്റ്.

Leave a Comment

Your email address will not be published. Required fields are marked *