Timely news thodupuzha

logo

വായ്‌പാ തട്ടിപ്പ്; കർഷകന്റെ ആത്മഹത്യയിൽ ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വം മറുപടി പറയണമെന്ന്‌ സി.പി.ഐ(എം)

കൽപ്പറ്റ: കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ വായ്‌പാ തട്ടിപ്പിനിരയായി പുൽപ്പള്ളിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വം മറുപടി പറയണമെന്ന്‌ സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.

ഐ.സി ബാലകൃഷ്‌ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ്‌ ആയിരിക്കുമ്പോഴാണ്‌ കോൺഗ്രസ്‌ ഭരിക്കുന്ന പുൽപ്പള്ളി സഹകരണ ബാങ്കിൽ ഇപ്പോഴത്തെ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാമിന്റെ നേതൃത്വത്തിൽ കോടികളുടെ വായ്‌പാ തട്ടിപ്പ്‌ നടത്തിയത്‌.

ബാങ്ക്‌ പ്രസിഡന്റായിരുന്ന അബ്രഹാമും ഭരണസമിതി അംഗങ്ങളും ചേർന്ന്‌ പാവപ്പെട്ട കർഷകരെയാണ്‌ ഇരകളാക്കിയത്‌. കിടപ്പാടം നഷ്ടപ്പെടുന്നതിന്റെ വേദനയിൽ കർഷകൻ ജീവനൊടുക്കിയ ഗുരതര സ്ഥിതിയാണിപ്പോൾ. ഇക്കാര്യത്തിൽ ഐ സി ബാലകൃഷ്‌ണനും കെപിസിസി വർക്കിങ് പ്രസിഡന്റായ ടി സിദ്ദിഖ്‌ എംഎൽഎയും മറുപടി പറയണം.

കർഷരെ വഞ്ചിച്ച്‌ ബാങ്കിലൂടെ കോടികളുടെ വായ്‌പാ തട്ടിപ്പ്‌ നടത്തിയ നേതാക്കളെ സംരക്ഷിക്കുകയും ഉന്നതപദവികൾ നൽകുകയുമാണ്‌ കോൺഗ്രസ്‌ ചെയ്‌തത്‌. ജില്ലയിലെ മുഴുവൻ കർഷകരോടുമുള്ള വഞ്ചനയാണിത്‌.പുൽപ്പള്ളിയിലെ കർഷകൻ കിഴക്കേ ഇടയിലാത്ത് രാജേന്ദ്രന്റെ മരണത്തിനുത്തരവാദികളായ കോൺഗ്രസ്‌ നേതക്കാൾക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണം.

രാജേന്ദ്രന്റെ കുടുംബത്തിന്റെയും തട്ടിപ്പിനിരയായ മറ്റു കർഷകരുടെയും ബാധ്യത കോൺഗ്രസ്‌ ഏറ്റെടുക്കണം. സഹകരണ വകുപ്പ്‌ നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ എട്ടര കോടി രൂപയുടെ ക്രമക്കേടാണ്‌ കണ്ടെത്തിയത്‌. ഈ തുക തിരിച്ചടയ്‌ക്കാതിരിക്കാനുള്ള ശ്രമത്തിലാണ്‌ കോൺഗ്രസ്‌ നേതാക്കൾ. ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *