തൊടുപുഴ: ലോകം പരിസ്ഥിതി ദിനമാചരിക്കുമ്പോൾ പ്രകൃതിയോട് ചേർന്ന് സഹജീവികൾക്ക് സഹായമൊരുക്കി ന്യൂമാൻ കോളേജിലെ എൻ.സി.സി കേഡറ്റുകൾ. കോളേജ് ക്യാമ്പസിൽ വർഷങ്ങളായി നടപ്പാക്കിവരുന്ന യുവഹരിതഭൂമിയെന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിസ്ഥിതി ദിനത്തിൽ കേഡറ്റുകൾ ഈ വർഷത്തെ ജൈവകൃഷിക്ക് ആരംഭം കുറിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ് അധ്യക്ഷത വഹിച്ചു.
കരനെൽകൃഷി, പച്ചക്കറി, വാഴ, ഇഞ്ചി, ആയുർവേദ സസ്യങ്ങൾ ഉൾപെട്ട നിരവധി കൃഷിയിനങ്ങളാണ് കേഡറ്റുകൾ കൃഷി ചെയ്ത് വരുന്നത്. കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവത്തനങ്ങൾക്കാണ് ചിലവഴിക്കപ്പെടുന്നത്. കഴിഞ്ഞവർഷത്തെ മരച്ചീനികൃഷിയുടെ വിളവിൻ്റെ ഒരു ഭാഗം സമൂഹത്തിൽ ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് പങ്കുവെച്ച് നൽകിയതിൽ കോളേജിന് കുമാരമംഗലം ഗ്രാമപഞ്ചായത്തിൻ്റെ പ്രത്യേക പ്രശംസാപത്രം ലഭിച്ചിരുന്നു.
യോഗത്തിൽ കോളേജ് എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി മാത്യു, ബർസാർ ഫാ. എബ്രഹാം നിരവത്തിനാൽ എന്നിവർ പ്രസംഗിച്ചു. കൃഷിപ്രവർത്തണങ്ങൾക്കൊപ്പം കേഡറ്റുകൾ മങ്ങാട്ടുകവല ബൈപ്പാസ് ശുചീകരിച്ചു. പ്രവർത്തനങ്ങൾക്ക് കേഡറ്റുകളായ അശ്വിൻ അഭയൻ, അന്നു മരിയ മാത്യു, ജിതേന്ദ്ര എം രാജേഷ്, അനുഗ്രഹ ഷാജി, അലെൻ ജോസഫ്, രോഹിത് ബാബു, സ്റ്റെബിമോൾ സെബാസ്റ്റ്യൻ, അനു റാത്തപ്പിള്ളി, ഫാത്തിമ നജീബ്, അബിന കെ ബേബി, അനന്തകൃഷ്ണൻ, ഹെലന, മെൽബിൻ, എന്നിവർ നേതൃത്വം നൽകി.