
തൊടുപുഴ: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റി ഭാഗമായി ബഹു സർക്കാരിന്റെയും ശുചിത്വ മിഷന്റെിയും നിർദേശത്തിന് അനുസരിച്ച് 2023 ജൂൺ മാസം അഞ്ചാം തീയതി തൊടുപുഴ നഗരസഭയുടെ ഹരിതസഭയും വീടുകളില്‍ തന്നെ ചെയ്യാവുന്ന ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനവും നഗരസഭ ടൗൺഹാളിൽ വച്ച് നടന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ ജെസ്സി ജോണി അധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.
തൊടുപുഴ നഗരസഭയിലെ മാലിന്യസംസ്കരണ സംവിധാനങ്ങൾ ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളെ അപേക്ഷിച്ച് കാര്യക്ഷമമായതാണെന്നും മികവ് പുലർത്തുന്നതാണെന്നും മുനിസിപ്പല്‍ ചെയർമാൻ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു. നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും കേരളത്തിലെ തന്നെ ഏറ്റവും വൃത്തിയുള്ള നഗരമായി മാറ്റുന്നതിനും സാധ്യമായ എല്ലാ നടപടിക്രമങ്ങളും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ തൊടുപുഴ നഗരസഭ മാലിന്യമുക്തം പ്രഖ്യാപനം നടത്തുകയും തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലു കയും ചെയ്തു. ചടങ്ങിൽ നഗരസഭയിലെ ഖരമാലിന്യം ശേഖരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങളെ പൊന്നാട അണിയിച്ചും പൂച്ചെണ്ടു നൽകിയും ആദരിച്ചു. യോഗത്തിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍ എം.എ കരിം സ്വാഗതം ആശംസിച്ചു. നഗരസഭയിലെ ഖര മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിന് വേണ്ടി സ്വീകരിച്ച നടപടികളെയും അതിനു സ്വീകരിച്ച മുൻകരുതലുകളെയും കുറിച്ച് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ എസ്.ശ്രീകുമാർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി(ഇന്‍ ചാര്ജ്ജ്) അംബിക വി ഹരിതസന്ദേശം അവതരിപ്പിച്ചു.
ഹരിതസഭയില്‍ കുടുബശ്രീ പ്രവർത്തകര്‍, ഹരിത കർമ്മ സേനാംഗങ്ങള്‍ വിവിധ സാമൂഹിക – സന്നദ്ധ സംഘടനാ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ജനപ്രതിനിധികൾ, ഘടക സ്ഥാപനമേധാവികള്‍ എന്നിവർ ഉൾപ്പെടെ 400 ഓളം പേര്‍ പങ്കെടുത്തു.






