കഞ്ഞിക്കുഴി: ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസും കഞ്ഞിക്കുഴി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററും സംയുക്തമായി ലോക പുകയിലരഹിത ദിനാചരണവും ബോധവല്‍ക്കരണ സെമിനാറും നടത്തി. ‘നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയില അല്ലെന്ന’ സന്ദേശം ഉയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫിസ് പടിക്കല്‍ നിന്ന് ആരംഭിച്ച ബോധവത്കരണ റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കഞ്ഞിക്കുഴി അപ്പൂസ് ഹാളില്‍ നടന്ന ബോധവല്‍ക്കരണ സെമിനാര്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സുരേഷ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, മെഡിക്കല്‍ ഓഫിസര്‍ സരീഷ്ചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജി കെ.കെ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ജനപ്രതിനിധികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു.