Timely news thodupuzha

logo

കോൺഗ്രസ് നേതാവ് പി .എ .ജോസഫിനെ സുഹൃത്ത് അഡ്വ .പി .റഹിം അനുസ്മരിക്കുന്നു .

പി എ ജോസഫ്. എന്റെ ആത്മാർത്ഥ സുഹൃത്ത്. നമ്മോട് വിടപറഞ്ഞു കാലത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് പോയിരിക്കുന്നു. 1978ലെ കോൺഗ്രസ് പിളർപ്പിനുശേഷം ആണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. തിരുവനന്തപുരം ലോ അക്കാദമിയിലെ ഒന്നാംവർഷ എൽഎൽബി വിദ്യാർത്ഥിയായിരുന്നു അന്ന് അദ്ദേഹം. അദ്ദേഹത്തിന്റെ സുഹൃത്ത് കോൺഗ്രസ് നേതാവ് ജോയ് തോമസ് മുഖാന്തിരം ആണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ജോയ് തോമസും അന്ന് ലോ അക്കാഡമിയിൽ ഒന്നാം വർഷം പഠിക്കുകയായിരുന്നു. ജോസഫ് അന്ന് യൂത്ത് കോൺഗ്രസിന്റെ ഇടുക്കി ജില്ലാ പ്രസിഡണ്ടും ജോയ് തോമസ് കെഎസ്‌യു ജില്ലാ പ്രസിഡണ്ടുമായിരുന്നു. ഞാൻ തിരുവനന്തപുരത്ത് കെഎസ്‌യുവിന്റെ ജില്ല വൈസ് പ്രസിഡണ്ടും എംജി കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിയുമായിരുന്നു. ജോയ് തോമസിനെ പരിചയപ്പെട്ട ശേഷം താമസിക്കാൻ ഒരു മുറി വേണമെന്ന് പറഞ്ഞു. ഞാൻ അന്ന് അരിസ്റ്റോ ജംഗ്ഷനിലുള്ള ഉടുപ്പി ലോഡ്ജിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന മുറിയിലാണ് കിടന്നു കൊണ്ടിരുന്നത്. അങ്ങനെയാണ് നാലാം ചിറയിലുള്ള എബനേസർ ലോഡ്ജിൽ മുറിയെടുക്കുന്നത്. ജോസഫും താമസിക്കും എന്ന് ജോയ് തോമസ് പറഞ്ഞിരുന്നു. ജോസഫ് പരീക്ഷയ്ക്ക് വരും എന്ന് ജോയ് തോമസ് പറഞ്ഞു. ഡബിൾ റൂം ആയതുകൊണ്ട് ഞാനും അവിടെ കിടക്കാൻ ചെല്ലുമായിരുന്നു. 1979 ലെ ഒന്നാംവർഷ എൽഎൽബി പരീക്ഷാകാലത്ത് കാലത്ത് ജോസഫ് വന്നു. രാത്രി അവിടെ ചെന്നപ്പോഴാണ് ഞാൻ ജോസഫിനെ ആദ്യമായി കാണുന്നത്. അന്നുമുതലുള്ള സൗഹൃദമാണ് ഇന്ന് രാവിലെ നഷ്ടമായത്. ഈ നാലര പതിറ്റാണ്ടിനിടയിൽ അദ്ദേഹത്തെക്കുറിച്ച് ധാരാളം ഓർമ്മകൾ മനസ്സിലുണ്ട്. ജോസഫിന്റെ വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ഭാര്യ സാലി കവടിയാറിൽ ഉള്ള ഓഫീസിൽ ജോലിചെയ്തിരുന്ന കാലത്ത് കവടിയാറിൽ ആണ് താമസിച്ചിരുന്നത്. സാലിയെയും മകൻ അച്ചുവിനെയും എനിക്ക് അടുത്ത് പരിചയം ഉണ്ടായിരുന്നു. പിന്നീട് സാലി എറണാകുളത്തേക്ക് സ്ഥലം മാറി പോയപ്പോൾ താമസം അവിടെയായി.

ഞാൻ പരിചയപ്പെടുമ്പോൾ ജില്ലാ പ്രസിഡണ്ടായിരുന്ന ജോസഫ് പിന്നീട് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാനജനറൽ സെക്രട്ടറിയായി. അക്കാലത്ത് ചരൽകുന്നിൽ നടന്ന യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ക്യാമ്പിന്റെ ഡയറക്ടർ ജോസഫ് ആയിരുന്നു. ആ സമയത്ത് കേരളം സന്ദർശിച്ച ചൈനീസ് ഡെലിഗേഷന് തിരുവനന്തപുരം ബിഷപ്പ് പെരേര ഹാളിൽ സ്വീകരണം ഒരുക്കുന്നതിന്റെ ചുമതലയും ജോസഫ് ആണ് വഹിച്ചത്. ഇടുക്കി ഡിസിസിയുടെ ജനറൽ സെക്രട്ടറിയും പിന്നീട് കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായി. 19 80 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ പീരുമേട് നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ജോസഫിനെ കോൺഗ്രസ് ഐ നിശ്ചയിച്ചെങ്കിലും യുഡിഎഫിലെ ഘടകകക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനത്തെ തുടർന്ന് ആ സീറ്റ് ഘടകകക്ഷി ആയിരുന്ന കോൺഗ്രസ് എക്കാണ് പോയത്. അതിനാൽ അദ്ദേഹത്തിന് മത്സരിക്കാൻ കഴിഞ്ഞില്ല. ഞാൻ അദ്ദേഹത്തെ കാണുന്ന 1978ല്‍ അദ്ദേഹം നെടുംകണ്ടം ഭൂപണയ ബാങ്കിന്റെ പ്രസിഡണ്ടായിരുന്നു. അമരാവതി സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റും ജോസഫ് ആയിരുന്നു. 1980ല്‍ ജോസഫ് കുമളി പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പലതവണ അദ്ദേഹം പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ആദ്യത്തെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിലെ ഘടകകക്ഷികൾ തമ്മിൽ സൗഹൃദ മത്സരം നടക്കട്ടെ എന്ന് യുഡിഎഫ് നേതൃത്വം തീരുമാനിച്ചപ്പോൾ ജോസഫ് ആയിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി . കേരളത്തിൽ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പിന്മാറാതെ തർക്കം ആയതുകൊണ്ടാണ് സൗഹൃദ മത്സരത്തിന് യുഡിഎഫ് നേതൃത്വം അനുമതി കൊടുത്തത്. ജനതാദളിന്റെ സി എൻ വിജയൻ ആയിരുന്നു പ്രതിപക്ഷ സ്ഥാനാർഥി. വിജയനും എന്റെ ഒരു സുഹൃത്തായിരുന്നു. അന്ന് കുമളിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായി ഞാൻപങ്കെടുത്തു. നിരവധി യോഗങ്ങളിൽ സംസാരിച്ചു.കുമളിയുടെ മലയോര മേഖലകളിലേക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ചെന്ന ഓർമ്മകൾ ഇപ്പോഴും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. വീറും വാശിയും ഏറിയ ആ മത്സരത്തിൽ 245 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജോസഫ് വിജയ ശ്രീ ലാളിതനായി. കേരളമൊട്ടാകെ ചർച്ച ചെയ്യപ്പെട്ട ഒരു വിജയമായിരുന്നു അത്. യുഡിഎഫിൽ കേരള കോൺഗ്രസിന്റെ ഹുങ്ക് കുറഞ്ഞത് ഈ പരാജയത്തിലൂടെ ആയിരുന്നു. ആദ്യകാലം മുതലേ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി നിന്ന അദ്ദേഹം ഐ എൻടിയുസിയുടെ ദേശീയ സെക്രട്ടറി ആയി. ദേശീയതലത്തിൽ നിരവധി സംഘടനകളുടെ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. സംസ്ഥാനതലത്തിലും സംഘടനകളുടെ പ്രസിഡണ്ടായി പ്രവർത്തിച്ചു. ഈ സംഘടനകളിൽ എല്ലാം ഞാൻ ഭാരവാഹിയും ആയിരുന്നു.

ആസാമിലുംബംഗാളിലും പഞ്ചാബിലും ഡൽഹിയിലും എല്ലാം അദ്ദേഹം ദേശീയ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. ദേശീയ തലത്തിൽ കോൺഗ്രസിന്റെ ഏതാണ്ട് എല്ലാ നേതാക്കന്മാരുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തി. സംസ്ഥാനത്തിന് പുറത്തുള്ള നിരവധി മുഖ്യമന്ത്രിമാരുമായും എംഎൽഎമാരുമായും എംപിമാരുമായും അദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ യൂണിയനകളിലൂടെയാണ് ഞാൻ ഐഎൻടിയുസിയുടെദേശീയ കൗൺസിലിൽ അംഗം ആകുന്നത്. ജോയ് തോമസും ജോസഫും ഇ എം അഗസ്തിയും ആണ് ഇടുക്കി ജില്ലയുമായി എനിക്കുണ്ടായ ബന്ധത്തിന്റെ അടിസ്ഥാനം. എന്നെ ആദ്യമായി കുമളിയിലേക്ക് കൊണ്ടുപോയത് ജോസഫ് ആയിരുന്നു. പിന്നീട് എത്രയോ തവണ കുമളിയിൽ ചെന്ന് അദ്ദേഹത്തിന്റെ അതിഥി ആയി. ഓരോ തവണ ചെല്ലുമ്പോഴും അദ്ദേഹത്തിന്റെ ഓഫീസ് പ്രവർത്തകരെ കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. എല്ലാവരുടെ പ്രശ്നങ്ങളിലും അദ്ദേഹം ക്ഷമയോടും സഹിഷ്ണുതയോടും ഇടപെട്ടിരുന്നു. ഒരു കൂട്ടം ആൾക്കാരെ അദ്ദേഹത്തോടൊപ്പം എപ്പോഴും കാണാൻ കഴിയുമായിരുന്നു. ഞാൻ കുമളിയിൽ ചെല്ലുമ്പോൾ എന്നെക്കൊണ്ട് നടന്ന് ഓരോന്ന് കാണിക്കാൻ എല്ലാ യാത്രയിലും ഒരുകൂട്ടം ആൾക്കാർ ജോസഫിന്റെ കെയറോഫിൽ ഉണ്ടാകുമായിരുന്നു. തേക്കടിയിലെ വനത്തിലും തടാകത്തിലും മുല്ലപ്പെരിയാർ ഡാമിന്റെ മുകളിലും എത്രയോ തവണയാണ് പോയത്! ഞാൻ കേരള ഹൈക്കോടതിയിലെ ഗവർമെന്റ് പ്ലീഡറായി എറണാകുളത്ത് ചെന്നപ്പോൾ മാസ് ഹോട്ടലിലുള്ള ജോസഫിന്റെ യൂണിയൻ ഓഫീസിലാണ് താമസിച്ചിരുന്നത്. കോണ്ടിനെന്റൽ ഫുഡ് വളരെ വളരെ അപൂർവമായിരുന്ന കാലത്ത് ആദ്യമായി അത്തരം ഫുഡ് ഞങ്ങൾക്ക് വാങ്ങിത്തന്നത് ജോസഫ് ആയിരുന്നു. ഉയർന്ന ക്ലാസുകളിൽ സിനിമ ടിക്കറ്റ് എടുത്ത് സിനിമ കാണിച്ചതും ജോസഫ് തന്നെയായിരുന്നു. പഠിത്തം കഴിഞ്ഞ് ജോസഫ് പോയെങ്കിലും പിന്നീട് ഞാൻ അവിടെ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ ലോഡ്ജിലെ മുറിവാടക കൊടുത്തിരുന്നതും ജോസഫ് ആയിരുന്നു. സഹായിക്കാൻ മടിക്കാത്ത, മനുഷ്യത്വത്തിന്റെയും നന്മയുടെയും വിളനിലമായിരുന്നു ജോസഫ്. ജോസഫിന്ഡോക്ടറേറ്റ് കിട്ടിയപ്പോൾ കുമളി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സ്വീകരണ സമ്മേളനത്തിൽ ഞാൻ ആശംസ പ്രസംഗകനായി പങ്കെടുത്തിരുന്നു. എം എം ഹസ്സനാണ് ആ സമ്മേളനം ഉദ്ഘാടനം ചെയ്തത്. തമിഴ്നാട്ടിലും വലിയ അംഗീകാരം ആയിരുന്നു ജോസഫിന്. തമിഴ്നാട് ഐഎൻടിസിയിലെ ഭിന്നിപ്പുകൾ പരിഹരിച്ച പി എ ജോസഫിന്റെ കുമളി പാക്കേജ് പ്രസിദ്ധമാണ്. യാതൊരു കഴിവും ഇല്ലാത്ത, യാതൊരു ജന പിന്തുണയും ഇല്ലാത്ത പലരും തലയിലെഴുത്തു കൊണ്ട് പലതും ആയെങ്കിലും എല്ലാ കഴിവുകളും ഉണ്ടായിട്ടും കാർമേഘം മൂടിയ ചന്ദ്രിക ആയിരുന്നു ജോസഫ്. മീഡിയകളിൽ മാത്രം പ്രവർത്തനം നടക്കുന്ന ഈ കാലത്ത് ജനങ്ങളുടെ ഇടയിൽ പാർട്ടിപ്രവർത്തനം നടത്തിയ ജോസഫിന്റെ മാതൃകയിലേക്ക് തിരിച്ചു പോയാലേ ഇനി രക്ഷയുള്ളൂ.നമ്മെ വിട്ടു പോയെങ്കിലും പുഞ്ചിരിക്കുന്ന മുഖം ഓർമ്മയിൽ എപ്പോഴും ഉണ്ടാകും. പ്രവർത്തന ശൈലിയും ഒരു മാതൃക ആയിരിക്കും. ജോസഫിന്റെ ആത്മാവിന് സർവ്വശക്തൻ നിത്യശാന്തി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കോട്ടയം സി എം എസ് കോളേജ് യൂണിയൻ ചെയർമാനായിരുന്നു ജോസഫ്. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ എംഎസ്സിക്ക് പഠിക്കുമ്പോൾ അവിടെയും യൂണിയൻ ചെയർമാനായി. അന്ന് ജോസഫ് നേടിയ ഭൂരിപക്ഷം ഇന്നും ആർക്കും മറികടക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് അറിയുന്നത്. സുഗന്ധദ്രവ്യ ബോർഡിന്റെ വൈസ് ചെയർമാനും ആയിരുന്നു അദ്ദേഹം എന്നാണ് എന്റെ ഓർമ്മ. ജോസഫിന്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

അഡ്വക്കേറ്റ് പി. റഹിം 9446703707

വാൽക്കഷ്ണം : ആരെയും ഏത് സമയത്തും സഹായിക്കുന്നതിന് യാതൊരു മടിയും ഇല്ലാതിരുന്ന ആളായിരുന്നു ജോസഫ്. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇടുക്കി ജില്ലയിലെ സിപിഎമ്മിന്റെ പരാതി ഇടുക്കിയിലെ പോലീസിനെ നിയന്ത്രിക്കുന്നത് ഇപ്പോഴും ജോസഫ് ആണെന്നായിരുന്നു. പോലീസുമായും എല്ലാ തലത്തിലുള്ള ഉദ്യോഗസ്ഥന്മാരുമായും ആത്മാർത്ഥമായ സ്നേഹബന്ധം പുലർത്തിയിരുന്ന ജോസഫ് ആ ബന്ധങ്ങളിലൂടെ ആർക്കും സഹായം ചെയ്യാൻ സദാ സന്നദ്ധനായിരുന്നു. രാഷ്ട്രീയത്തിൽ എംഎൽഎയോ എംപി യോ മന്ത്രിയോ ഒന്നും ആയില്ലെങ്കിലും ജനഹൃദയങ്ങളിൽ എംഎൽഎ ആയി എംപി ആയി മന്ത്രിയായി എക്കാലവും അദ്ദേഹം ജീവിക്കും. തീർച്ച. …

Leave a Comment

Your email address will not be published. Required fields are marked *