ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ പ്രസിഡൻറും ബിജെപി എംപിയുമായി ബ്രിജ് ഭൂഷൻ സിംഗിനെ ലൈംഗിക പീഡന കേസിൽ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ കൈവിടാതെ കേന്ദ്ര സർക്കാർ. വിഷയം പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് മുൻപ് തന്നെ പരിഹരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം ഇപ്പോൾ.
ഗുസ്തി താരങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തുന്ന ചർച്ച തുടരുമെന്നാണ് ലഭിച്ച വിവരം. വിഷയത്തിൽ കായിക മന്ത്രി അനുരാഗ് താക്കൂർ വീണ്ടും ഇടപെടും.
പാർട്ടിക്ക് താരങ്ങളുടെ സമരം ക്ഷീണമായിയെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്നാണ് നേതാക്കൾ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പുതിയ നീക്കം അന്താരാഷ്ട്ര തലത്തിൽ അടക്കം സമരം ചർച്ചയായതിന് പിന്നാലെ ആണ്. മോദി 21ന് അമേരിക്കൻ സന്ദർശനത്തിനായി യത്ര പുറപ്പെടും.
ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി കഴിഞ്ഞ ജനുവരി 18നാണ് താരങ്ങൾ രംഗത്തെത്തിയത്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നും ഫെഡറേഷൻ പിരിച്ചുവിടണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങൾ ഉയർത്തിയത്. താരങ്ങളുടെ പരാതി മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
ഇവരുടെ പരാതികൾ അന്വേഷിക്കുന്നത് മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ്. പൊലീസിൽ പരാതി നൽകിയിട്ടും വിഷയത്തിൽ തുടർ നടപടികൾ ഉണ്ടാവാതെ വന്നതോടെയാണ് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. പ്രതിഷേധത്തെ തുടർന്ന് പരാതിയിൻമേൽ കേസ് എടുക്കാൻ കോടതി നിർദേശം നൽകിയതിനാലാണ് ഡൽഹി പൊലീസ് നടപടി സ്വീകരിച്ചത്.
അതേസമയം പ്രതിയുടെ അറസ്റ്റ് വൈകിയതോടെ താരങ്ങൾ ജന്തർ മന്തറിൽ പ്രതിഷേധവുമായി ഇറങ്ങി. ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്തർ മന്തറിലുണ്ടായിരുന്നത് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ തുടങ്ങിയ മുൻനിര താരങ്ങൾ ഉൾപ്പടെയാണ്. ഇവരെ ഡൽഹി പൊലീസ് മെയ് 28ന് പുതിയ പാർലമെൻറ് മന്ദിരത്തിലേക്കുള്ള മാർച്ചിനിടെ വലിച്ചിഴച്ചിരുന്നു.
താരങ്ങളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് മെഡലുകൾ ഗംഗയിലൊഴുക്കാൻ സാക്ഷി മാലിക് ഉൾപ്പടെയുള്ള ഗുസ്‌തി താരങ്ങൾ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കർഷക നേതാക്കൾ ഇടപെട്ട് ഇവരെ പിന്തരിപ്പിക്കുകയായിരുന്നു. സമരത്തിൽ നിന്ന് ഒരു ചുവട് പോലും പിന്നോട്ടില്ലെന്നാണ് തിരികെ ജോലിയിൽ പ്രവേശിച്ചെങ്കിലും വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും വ്യക്തമാക്കിയത്.