പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റു കേസിലെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. സൈബർ സെൽ വിദഗ്ധരെ കൂടി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്ത് പത്തു ദിവസം പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താനാവാതെ വന്നതോടെയാണ് പൊലീസിൻറെ നടപടി.
മഹാരാജാസ് കോളെജിൻറെ പേരിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുണ്ടാക്കിയ കേസിൽ കെ. വിദ്യക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
തെളിവുകൾ ശേഖരിക്കുന്നുണ്ടെങ്കിലും വിദ്യയെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. അന്വേഷണത്തിൻറെ ഭാഗമായി അഗളി പൊലീസ് ഇന്ന് ചിറ്റൂർ ഗവ കോളെജിലെത്തും.
അഭിമുഖ പാനലിൽ ഉണ്ടായിരുന്ന ചിറ്റൂർ കോളെജിലെ മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി രേഖപ്പെടുത്തും. വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അന്വേഷണ സംഘത്തിൻറെ നിലപാട് ജൂൺ 16ന് അറിയിക്കും. 20 നാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.