കോട്ടയം: സി.ഐ.ടി.യു പ്രവർത്തകർ തിരുവാർപ്പിൽ ബസ് ഉടമയായ രാജ്മോഹനെ ആക്രമിച്ചതിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. രാജ്മോഹനെ കോട്ടയം തിരുവാർപ്പിലെത്തി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി വിദേശത്ത് പോയി വീമ്പിളക്കിയത് കേരളം വ്യവസായ സൗഹൃദ സംസ്ഥാനം, നിക്ഷേപ സൗഹൃദ സംസ്ഥാനം എന്നൊക്കെയാണ്. പക്ഷെ കോട്ടയം തിരുവാർപ്പിലെ സംഭവം കേരളത്തിൽ സംരഭകത്വം എന്നത് ദുഷ്ക്കരമാണെന്നതിൻ്റെ ഉദാഹരണമാണ്. മുഷ്ക് ഉപയോഗിച്ച് വ്യവസായികളെ കേരളത്തിൽ നിന്നും അടിച്ചോടിക്കുന്നത് സി.പി.എമ്മും സി.ഐ.ടി.യുവുമാണ്.
മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാൻ തയ്യാറായിട്ടില്ല. കേരളത്തിലേക്ക് സംരഭകരെ ലോക കേരളസഭയിൽ വച്ച് സ്വാഗതം ചെയ്ത മുഖ്യമന്ത്രി കേരളത്തിൽ സംരഭകരെ സ്വന്തം പാർട്ടിക്കാർ വേട്ടയാടുമ്പോൾ മൗനം പാലിക്കുകയാണ്. രാജ്മോഹനെ ആക്രമിച്ച സി.പി.എം നേതാവ് കോട്ടയത്ത് ലേബർ ഓഫീസർ വിളിച്ചു ചേർത്ത ചർച്ചയിൽ പങ്കെടുത്തത് അദ്ദേഹത്തെ വീണ്ടും അപമാനിക്കാനാണ്.
കേരളത്തിൽ എന്തിനാണ് സി.ഐ.ടി.യുവെന്ന സംഘടന പ്രവർത്തിക്കുന്നതെന്ന് മനസിലാകുന്നില്ല. ഈ നിലപാട് എടുത്തിരിക്കുന്നത് ഇത്തരമൊരു ചർച്ചയ്ക്ക് സാധാരണഗതിയിൽ വരേണ്ട ആളല്ല ഇയാൾ എന്നിരിക്കെയാണ്. പല രീതിയിലുള്ള പ്രതിസന്ധി
ബസ് വ്യവസായം നേരിടുമ്പോഴാണ് സർക്കാർ സ്പോൺസേർഡ് അതിക്രമം നടക്കുന്നത്. ഇന്ത്യയിൽ ഡീസൽ വില ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.