കണ്ണൂർ: പ്രിയ വർഗ്ഗീസിന് നിയമന ഉത്തരവ് നൽകി കണ്ണൂർ സർവകലാശാല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നൽകിയത്.15 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്ന് നിയമന ഉത്തരവിൽ പറയുന്നു.
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഡോ. പ്രിയാ വർഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിറക്കിയിരുന്നു.
പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് അനുകൂല വിധി നൽകിയത്. ഒരു അധ്യാപികയുടെ പി.എച്ച്.ഡി കാലവും,ഡെപ്യുട്ടേഷനും അധ്യാപന പരിചയമായി കാണാൻ കഴിയുമോ എന്നതാണ് പ്രിയാ വർഗീസിന്‍റെ നിയമനത്തിൽ ഏറ്റവും പ്രധാനമായി ചർച്ചചെയ്യപ്പെട്ടത്.
ഗവേഷണവും, വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകുന്നതും അധ്യാപന പരിചയത്തിൽ നിന്നും മാറ്റിനിർത്തേണ്ടതല്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.