കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ ലഹരിക്കേസ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. എക്സൈസ് പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് ലാബ് പരിശോധനയിൽ വ്യക്തമായിരുന്നു.
തുടർന്നാണ് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷീല ഹൈക്കോടതിൽ ഹർജി നൽകിയത്. ബാഗിൽ നിന്നും 12 എൽഎസ്ഡി സ്റ്റാമ്പുകൾ എക്സൈസ് പിടിച്ചെടുത്തതിനെ തുടർന്ന് 72 ദിവസമാണ് ഷീല ജയിലിൽ കഴിയേണ്ടി വന്നത്. എന്നാൽ പിടിച്ചെടുത്തത് എൽഎസ്ടി സ്റ്റാപുകളല്ലെന്ന രാസപരിശോധന ഫലം പുറത്തുവന്നതോടെയാണ് കഥമാറിയത്.
അപ്പോഴേക്കും ജയിൽവാസം കഴിഞ്ഞ് ഷീല സണ്ണി ജാമ്യത്തിലിറങ്ങിയിരുന്നു. വ്യാജ കേസ് ചമയ്ക്കാൻ കൂട്ടു നിന്നുവെന്നും ഗൂഢാലോചനക്കാരുടെ ഉപകരണമായി ഉദ്യോഗസ്ഥൻ പ്രവർത്തിച്ചുവെന്നും കണ്ടെത്തിയതിനെത്തുടർന്ന് എക്സൈസ് ഇൻസ്പെക്റ്റർ കെ. സതീശനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.