തൊടുപുഴ: ഇഡോനേഷ്യയിലെ ബാലിയിൽ നടന്ന അന്താരാഷ്ട്ര ഓഷ്യൻമാൻ ഓപ്പൺ വാട്ടർ കടൽ നീന്തൽ മത്സരത്തിൽ ബേബി വർഗ്ഗീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കടൽ ശാന്തമായിരുന്നില്ല. ശക്തമായ തിരകളും അടിയൊഴുക്കു മുണ്ടായിട്ടും വർഷങ്ങളായി ട്ടുള്ള കഠിന പരിശീലനം ഒന്നു കൊണ്ടു മാത്രമാണ് എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ചു കൊണ്ട് കടലിലെ 2 കി.മീ. ദൂരം നീന്തി ഒന്നാമതെത്തുവാൻ ബേബി വർഗ്ഗീസിനു കഴിഞ്ഞത്.

ആദ്യമായിട്ടാണ് ഒരു മലയാളി നീന്തൽ താരം ഓഷ്യൻ മാൻ കടൽ നീന്തലിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.
30 രാജ്യങ്ങളിൽ നിന്നുമായി നാന്നൂറിലേറെ നീന്തൽ താരങ്ങൾ വിവിധ വിഭാഗങ്ങളിൽ പങ്കെടുത്തിരുന്നു. ഈ നേട്ടം രാജ്യത്തിനു തന്നെ അഭിമാനകരമാണ്. പഞ്ചായത്തു വകുപ്പിൽ സീനിയർ സൂപ്രണ്ടായി റിട്ടയർ ചെയ്ത ബേബി വർഗ്ഗീസ് കേരള അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റും വണ്ടമറ്റം അക്വാറ്റിക് സെന്ററിലെ മുഖ്യ നീന്തൽ പരിശീലകനുമാണ്.

കഴിഞ്ഞ മുപ്പതു വർഷമായി സംസ്ഥാന ദേശീയ തലത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് തുടർച്ചയായി മെഡൽ നേടിവരുന്ന ബേബി വർഗ്ഗീസ് വരുന്ന ഡിസംബറിൽ തായ്ലന്റിലെ പുക്കറ്റിൽ നടക്കുന്ന വേൾഡ് ഓഷ്യൻ മാൻ നീന്തലിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കും.