Timely news thodupuzha

logo

ഏക സിവിൽ കോഡ്; വ്യക്തിനിയമങ്ങളുടെ കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്താതെ തിടുക്കത്തിൽ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യ ഭരണരീതിക്ക് ഒട്ടും യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പാർലമെൻറിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എം.പിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെൻറിൻറെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചുചേർത്തത്.

രാജ്യത്തെ നാനാജാതിമതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ വേണ്ട രീതിയിൽ സ്വരൂപിക്കാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ മത ന്യൂനപക്ഷങ്ങളുടെ ഇടയിൽ വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. വ്യക്തിനിയമങ്ങളുടെ കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്താതെ തിടുക്കത്തിൽ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യ ഭരണരീതിക്ക് ഒട്ടും യോജിച്ചതല്ല.

രാജ്യത്തിൻറെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ്യതയും തുല്യ പങ്കാളിത്തവും അനിവാര്യമായിരിക്കെ, ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസ്സിൽ ഭീതിയും ആശങ്കയും പരത്തി ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നടപടിയായി ഏക സിവിൽ കോഡ് മാറരുത്. ഈ അഭിപ്രായം മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവർക്കുമുണ്ട്.

മതനിരപേക്ഷതയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകാ സംസ്ഥാനമായ കേരളത്തിൻറെ വിവിധ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാർലമെൻറ് അംഗങ്ങൾ ഏകകണ്ഠമായ അഭിപ്രായം ഇക്കാര്യത്തിൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കേരളത്തിൻറെ വികസന ചെലവുകളെയും പശ്ചാത്തല സൗകര്യ വികസന പരിപാടികളെയും സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന നടപടിയായ വായ്‌പാ പരിധി വെട്ടിച്ചുരുക്കിലിൽ നിന്നും കേന്ദ്ര ധനമന്ത്രാലയം പിന്തിരിയണം.

അതിനായി എംപിമാർ ശബ്‌ദമുയർത്തണം. ജി.എസ്‌.റ്റി നഷ്‌ടപരിഹാര കാലാവധി നീട്ടുന്നത് സംബന്ധിച്ച് അനുകൂലമായ തീരുമാനങ്ങൾ ഇതുവരെ ജി.എസ്‌.റ്റി കൗൺസിൽ സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളിൽ സംസ്ഥാനത്തിനുള്ള വിഹിതം കിട്ടാൻ ഒരുമിച്ച് നിൽക്കുമെന്ന് എം.പിമാർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *