ബെനിൻ: ആഭ്യന്തര കലാപം നടക്കുന്ന വെസ്റ്റ് ആഫ്രിക്കൻ രാജ്യമായ നൈജറിൽ കുടുങ്ങിയ മലയാളികളായ ഏഴ് മുതിർന്നവരും ഒരു കൈകുഞ്ഞും അടങ്ങുന്ന എട്ട് പേരുടെ സംഘം കഴിഞ്ഞ ദിവസം അയൽരാജ്യമായ ബെനിൻ റിപ്പബ്ലിക്കിൽ എത്തിച്ചേർന്നു. വേൾഡ് മലയാളീ ഫെഡറേഷനും (ഡബ്ല്യുഎംഎഫ്) ഇന്ത്യൻ കൊൺസുലേറ്റുമാണ് ഈ ഉദ്യമത്തിന് നേതൃത്വം കൊടുത്തത്.
ഓഗസ്റ്റ് 16 ബുധനാഴ്ച്ച യാത്ര തുടങ്ങിയ ഈ സംഘം നൈജറിൻറെ തലസ്ഥാനമായ നിയമെയിൽ നിന്നും ഏകദേശം 1100 കി.മീ ദൂരമുള്ള റോഡ് മാർഗമാണ് ബെനിൻറെ വാണിജ്യ തലസ്ഥാനമായ കോട്ടോനൗവിൽ എത്തിച്ചത്. ഷൈജു, അഖില ചന്ദ്രൻ, സപ്ത ധ്വനി, മുഹമ്മദ് ഫയസ്, ഷബീർ, തയ്ക്കണ്ടി റഷീദ്, വയൽ പീടികയിൽ നജീം, മുഹമ്മദ് അലി ഫൈസൽ എന്നിവരെയാണ് ബെനിന്റെ വാണിജ്യ തലസ്ഥാനമായ കോട്ടോനൗവിൽ എത്തിച്ചത്.
യാത്രയിൽ പലവിധ തടസങ്ങൾ ഉണ്ടായെങ്കിലും ഇവരെല്ലാവരും ഇപ്പോൾ സുരക്ഷിതരാണെന്ന് വേൾഡ് മലയാളീ ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. വേൾഡ് മലയാളീ ഫെഡറേഷൻ ഗ്ലോബൽ സെക്രട്ടറി ഹരീഷ് നായർ, ബെനിൻ നാഷണൽ കൌൺസിൽ കോ ഓർഡിനേറ്റർ ഗ്രീനിഷ് മാത്യു, പ്രസിഡന്റ് ഡെന്നിസ് ബാബു എന്നിവർ ഈ സംഘത്തെ കോട്ടോനോവിൽ സന്ദർശിച്ചു. വരും ദിവസങ്ങൾ എയർടിക്കറ്റ് ലഭ്യത അനുസരിച്ചു ഇവർ ബെനിൻ എയർപോർട്ട് വഴി ഇന്ത്യയിലേക്ക് യാത്ര തിരിക്കും.