എറണാകുളം :പരിശുദ്ധാത്മാവ് ഇറങ്ങി ( ഉറങ്ങി ) പോയ സീറോ മലബാർ സഭ.. എന്ന തലക്കെട്ടിൽ തോമസ് അമ്പാട്ടുകുഴിയിൽ ഫേസ് ബുക്കിൽ കുറിച്ച വാക്കുകൾ ചർച്ചയാകുന്നു .
പോസ്റ്റിന്റെ പൂർണ്ണ രൂപം ……
പരിശുദ്ധാത്മാവ് ഇറങ്ങി ( ഉറങ്ങി ) പോയ സീറോ മലബാർ സഭ..
സമീപകാലത്തെ സീറോ മലബാർ സഭയുടെ സിനഡുകളും തീരുമാനങ്ങളും നിക്ഷ്പക്ഷമായി നോക്കിയാൽ, വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്.
- ഈ സഭയിലോ ”പിതാക്കന്മാർ” എന്നു നമ്മൾ വിളിക്കുന്നവരിലോ അവരെടുക്കുന്ന തീരുമാനങ്ങളിലോ പരിശുദ്ധാത്മാവുമായി യാതൊരു കുലബന്ധവുമില്ല. അവർ അവരുടെ ദുർബുദ്ധിയെയും സ്വാർത്ഥ താല്പര്യങ്ങളെയുമാണ് പിൻതുടരുന്നത്.
- എറണാകുളം -അങ്കമാലി അതിരൂപതയിലെ പ്രശ്നം ക്രിസ്തുവിൻ്റെ കാൽവരിയർപ്പണത്തിൻ്റെ ഏതു ഭാഗവുമായി ബന്ധപ്പെട്ടുള്ള ദൈവശാസ്ത്ര പരമോ ആത്മീയമായതോ ആയ പ്രശ്നമാണ്? അങ്ങനെയൊന്നുമല്ല. അൾത്താരയിലേക്ക് തിരിഞ്ഞു വേണം ബലിയർപ്പിക്കാനെന്ന കൽദായ ചിന്തയിലെ ഒരു “തിരിവി”നെ ചൊല്ലിയുള്ള തർക്കം ഇത്രത്തോളം നീട്ടികൊണ്ടു പോകുന്ന ഈ സഭാ സംവിധാനത്തിന് എന്തോ പിശക് ഗൗരവമായിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. സഭ പിളർന്നാലും “അൾത്താരയിലേക്ക് തിരിയുന്നത് ” ഒത്തുതീർക്കാനാവാത്ത ഒന്നാണെന്ന വിധം, ഏറ്റവും അവസാനമിറക്കിയ സിനഡിൻ്റെ എഴുത്തിലും ആവർത്തിക്കുന്നത് പരിശുദ്ധാത്മാവിൻ്റെ പ്രേരണയാണെന്ന് വിശ്വസിക്കാനാവില്ല. ചൈനയിലോ നിക്കാരാഗ്വേയിലോ നൈജീരിയയിലോ ഉള്ള സഭാധികാരം പേറുന്നവർക്ക് ഇത്തരം ഉത്തരവുകൾ അന്യമാകാൻ കാരണമെന്തെന്നും ചിന്തിക്കുന്നത് നല്ലതല്ലേ? വിശ്വാസത്തിൻ്റെ പേരിൽ യാതൊരു വിധ പീഢനമില്ലാത്ത ഒരു സംസ്ക്കാരത്തിൽ, ആത്മീയത നഷ്ടപ്പെട്ട ഒരു സഭാനേതൃത്യത്തിൻ്റെ ഒരു കലാപരിപാടിയായി മാത്രമേ ഞാനിതിനെ കാണുന്നുള്ളു.
- സാധാരണപ്പെട്ട മനുഷ്യർ കൊടുക്കുന്ന പണം ഉപയോഗിച്ച് സ്ഥാപനവത്ക്കരിക്കപ്പെട്ട നശിച്ച സഭയുടെ ഒരു ചിത്രമാണ് ഇവിടെ കാണുന്നത്. പണമെന്ന ദൈവത്തെ പോക്കറ്റിലാക്കാൻ ക്രിസ്തുവെന്ന ദൈവപുത്രനെ ഒറ്റുകൊടുത്ത ശിഷ്യൻ്റെ പിൻതലമുറക്കാരാണിവരെന്ന തോന്നൽ സഭയെ അറിയുംതോറും നമുക്ക് തോന്നിപ്പോകുന്നതിൽ തെറ്റുപറയാനാകുമോ?
- ഇപ്പോഴത്തെ സിനഡു ലേഖനങ്ങളും അതിനെ താങ്ങിയുള്ള മറ്റു ലേഖനങ്ങളുമൊക്കെ വായിച്ചാൽ ഒരു തോന്നൽ ഉണ്ടാകും: ആത്മീയത എന്നാൽ മേല്പറഞ ചീഞ്ഞുനാറിയ സംവിധാനങ്ങളെ സൃഷ്ടിക്കുന്ന മെത്രാൻമാരെയും അവരുടെ സിനഡിനെയും അനുസരിക്കുന്നതാണ് എന്ന്. പഴയ നിയമത്തിൽ നിന്ന് എവിടുന്നോ ഒരു വചനം പൊക്കി കൊണ്ടുവന്ന് “അനുസരണം ” നടപ്പിലാക്കിയാൽ ആത്മീയതയാകുമെന്ന് പഠിപ്പിക്കുന്ന മൂഢത. സിറിൽ വാസ് എന്ന വെള്ളക്കാരൻ മെത്രാനും പറയാനുണ്ടായിരുന്നത്, ആത്മീയതയൊന്നുമല്ല ” അനുസരിക്കുന്നോ ” എന്നതു മാത്രമാണ്. ദൈവത്തെ അനുസരിക്കുകയും അനുസരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ പല തവണ ആഗ്രഹിച്ചു പോയി. ദൈവത്തെ മറന്ന് ദൈവത്തിനു വേണ്ടി പ്രവർത്തിക്കുന്നവരെന്ന മിഥ്യാധാരണയുമായി നീങ്ങുന്നവരാണ് ഇക്കൂട്ടർ എന്ന് തോന്നിയാൽ തെറ്റുപറയാനാകുമോ?
മാത്രമുമല്ല, ഇന്നത്തെ സഭയുടെ ഏക പ്രശ്‌നം എറണാകുളം അതിരൂപതയിലെ വൈദികരുടെ അനുസരണക്കേടാണെന്ന് ചിന്തിക്കുന്നത് ശരിയാണോ? ഇപ്പറയുന്ന അനുസരണയെക്കാൾ എത്രയോ വലിയ ആത്മീയ മൂല്യങ്ങൾ വർഷങ്ങളായി നഷ്ടപ്പെട്ടതിൻ്റെ വ്യക്തമായ അടയാളങ്ങളാണിതൊക്കെ. - ഐക്യരൂപത്തെക്കാൾ (Uniformity) ഐക്യവും (union) ഭിന്നതയെക്കാൾ (Division) സാഹോദര്യവും (brotherhood) ഇഷ്ടപ്പെടുന്ന പരിശുദ്ധാത്മാവിൻ്റെ അല്പമെങ്കിലും വെളിച്ചം കുറച്ച് മെത്രാൻമാർക്കെങ്കിലുമുണ്ടായിക്കുന്നെങ്കിൽ ഇത്തരമൊരു പ്രശ്നം ഉദിക്കുക പോലുമില്ല എന്നാണ് എൻ്റെ വിശ്വാസം. പതിറ്റാണ്ടുകളായി നിലനില്ക്കുന്ന ആരാധനാക്രമ വ്യത്യാസങ്ങളെ അടിച്ചമർത്തലിലൂടെയും അധികാരപ്രയോഗത്തിലൂടെയും സൂത്ര മാർഗ്ഗങ്ങളിലുടെയും മാറ്റിയെടുക്കാമെന്ന ഒരു ധാരണയെ എറണാകുളം കാർ അത്ര എളുപ്പത്തിൽ സമ്മതിച്ചു കൊടുത്തില്ല എന്നതല്ലേ സത്യം?
ആത്മാവിലും സത്യത്തിലും ആരാധിക്കാൻ പഠിപ്പിച്ചിട്ട് പോയവനെ മറന്നിട്ട് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ദൈവത്തെ തളച്ചിടാൻ ശ്രമിക്കുന്ന ഒരു സഭാനേതൃത്വമല്ലേ സീറോ മലബാർ സഭയിൽ എന്ന ചോദ്യത്തിന് സത്യസന്ധതയോടെ മറുപടി പറയേണ്ടി വരും. - ഇക്കൂട്ടത്തിൽ ഒരു
കാര്യം കൂടി . ഐക്യത്തെക്കാൾ ഐക്യരൂപത്തിനാണ് മാർപാപ്പ മുതലിങ്ങോട്ട് പ്രാധാന്യം കൊടുക്കുന്നതെങ്കിൽ , ക്രിസ്തു അർപ്പിച്ച ഏക ബലിക്കും ഒരു രൂപ മേ ഉണ്ടാകാൻ പാടുള്ളൂ. ബലിയർപ്പണം ലോകത്ത് എല്ലായിടത്തും റീത്തു വ്യത്യാസമെന്യേ ഒരുപോലെയാകേണ്ടതല്ലേ? ഒന്നുകിൽ ഈ പറയുന്നതെല്ലാം കള്ള പഠനങ്ങൾ എന്ന് സമ്മതിക്കേണ്ടി വരും. അല്ലെങ്കിൽ വൈവിധ്യങ്ങളെ കാലത്തിനും സ്ഥലത്തിന്നും സംസ്ക്കാരത്തിനും അനുസരിച്ച് സ്വീകരിക്കുന്ന ക്രിസ്തുവിൻ്റെ മനോഭാവത്തെ അധികാര ദ്രാന്തിൻ്റെയും യജമാന ഭാവത്തിൻ്റെയും അഹന്ത വെടിഞ്ഞ് സ്വീകരിക്കുക – അങ്ങനെ ഇന്നുള്ള പ്രശ്നങ്ങളെ പരിഹരിക്കുക. തോമസ് അമ്പാട്ടുകുഴിയിൽ