ന്യൂഡൽഹി: രാജ്യം പിന്നിടുന്നത് 100 വർഷത്തെ ഏറ്റവും മഴകുറഞ്ഞ ഓഗസ്റ്റ് മാസം. സാധാരണ ലഭിക്കുന്നതിനെ അപേക്ഷിച്ച് 30–33 ശതമാനത്തോളം കുറവാണ് ഇതുവരെ പെയ്‌തത്. പസിഫിക് സമുദ്രത്തിൽ താപനില ഉയരുന്നതിന്റെ ഫലമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴക്കുറവിന് കാരണമാകുന്ന എൻനിനോ പ്രതിഭാസം ശക്തിപ്പെടുന്നതിന്റെ സൂചനയാണിത്.
സെപ്‌തംബർ മൂന്നാംവാരംവരെയാണ് മൺസൂൺ. തെക്കുപടിഞ്ഞാറൻ മൺസൂണിൽ ശേഷിക്കുന്ന ദിവസങ്ങളിൽ ലഭിച്ചേക്കാവുന്ന മഴയിലൂടെ നിലവിലെ കുറവ് പരിഹരിക്കാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ വിദഗ്‌ധർ പറയുന്നു.
സെപ്‌തംബറിൽ പതിവിന്റെ 94–-96 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് തലവൻ മൃത്യുഞ്‌ജയ് മൊഹാപാത്ര പറഞ്ഞു. 2005ൽ 25 ശതമാനം, 1965ൽ 24.6, 1920ൽ 24.4, 2009ൽ 24.1, 1913ൽ 24 ശതമാനം എന്നിങ്ങനെയാണ് ഇതിനു മുമ്പുണ്ടായ മഴക്കുറവ്.
സാധാരണ തോതിലുള്ള മഴ രാജ്യത്തെ കൃഷിഭൂമിയുടെ 52 ശതമാനം ഇടത്തും നിർണായകമാണ്. മൊത്തം ഭക്ഷ്യഉൽപ്പാദനത്തിന്റെ 40 ശതമാനവും മഴയെ ആശ്രയിച്ചാണ്. സെപ്‌തംബറിലും കാര്യമായ മഴ ലഭിച്ചില്ലെങ്കിൽ ഭക്ഷ്യസുരക്ഷയും സമ്പദ്‌ഘടനയും പ്രതിസന്ധിയിലാകും.