വർക്കല: കേരളത്തിൽ ഇന്നും തുല്യമായ സാമൂഹിക നീതി ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്ന് ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ.
വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരുദേവൻറെ 169ാം ജയന്തി ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല, ഗുരുവായൂർ തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിൽ പൂജാരിമാരെ നിയമിക്കുമ്പോൾ ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവരെ മാത്രമേ പരിഗണിക്കാറുള്ളൂ.
സാമൂഹിത നീതി അകലെയാണെന്ന് അതിൽ നിന്നു തന്നെ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധസ്ഥിത വിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനത്തിൽ മാത്രമല്ല, ക്ഷേത്ര ഭരണത്തിലും തുല്യ പങ്കാളിത്തം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെ ആയിരുന്നു സച്ചിദാനന്ദ സ്വാമിയുടെ പരാമർശം.
കേരളത്തിലെ സെക്രട്ടേറിയറ്റ് തമ്പുരാൻകോട്ടയാണെന്ന് ഗുരു നിത്യചൈതന്യ യതി മുൻപു പറഞ്ഞതിൽ ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദൈവദശകം ഔദ്യോഗിക പ്രാർഥനാഗാനമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഇ.കെ. നായനാരുടെയും കെ.കരുണാകരൻറെയും ഉമ്മൻ ചാണ്ടിയുടെയും വി.എസ്.അച്യുതാനന്ദൻറെയും പിണറായി വിജയൻറെയും മന്ത്രിസഭകൾക്ക് ശിവഗിരിയിലെ സന്ന്യാസിമാർ നിവേദനം നൽകിയിട്ടും നടപ്പായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.